സർക്കാർ തസ്തികകളിലേക്ക് പരീക്ഷ; അസമിൽ ഇന്റർനെറ്റിന് താത്ക്കാലിക നിരോധനം
|ചോദ്യപ്പേപ്പർ ചോർച്ചയടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിശദീകരണം
ദിസ്പൂർ: സർക്കാർ തസ്തികകളിലേക്ക് പരീക്ഷ നടക്കുന്ന കാരണം ചൂണ്ടിക്കാട്ടി അസമിൽ ഇന്റർനെറ്റിന് താത്ക്കാലിക നിരോധനം ഏർപ്പെടുത്തി സർക്കാർ. ഡിഗ്രി ലെവൽ എച്ച്എസ്എൽസി ഗ്രേഡ് III തസ്തികകളിലേക്കുള്ള പരീക്ഷയുടെ ഭാഗമായാണ് ഇൻ്റർനെറ്റ് സേവനം സസ്പെൻഡ് ചെയ്തത്. ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 4.30വരെ ഇന്റർനെറ്റ് തടസപ്പെടും.
7,34,080 ഉദ്യോഗാർത്ഥികളാണ് ഇന്ന് പരീക്ഷയെതുന്നത്. ഇതു സംബന്ധിച്ച് സർക്കാർ ഇന്നലെയണ് ഉത്തരവ് പുറത്തിറക്കിയത്. പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചോദ്യപ്പേപ്പർ ചോർച്ചയടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി സെപ്റ്റംബറിൽ മാത്രം ഇത് രണ്ടാം തവണയാണ് സർക്കാർ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. സർക്കാർ നടപടിയോട് എല്ലാവരും സഹകരിക്കണമെന്ന് സ്റ്റേറ്റ് ലെവൽ റിക്രൂട്ട്മെന്റ് കമ്മീഷൻ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗ്രേഡ് III തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ രണ്ടു ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം രാവിലെ 9 മുതൽ ഉച്ചവരെയും രണ്ടാം ഘട്ടം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയുമാണ് നടക്കുന്നത്. പരീക്ഷ ആരംഭിക്കുന്ന സമയം മുതൽ അവസാനിക്കുന്ന സമയം വരെ സംസ്ഥാനത്ത് ഇന്റർനെറ്റ് സംവിധാനം ലഭ്യമാവില്ല.
സംസ്ഥാനത്ത് പരീക്ഷ നടത്തിപ്പിന് സുതാര്യവും വിപുലവുമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫെയ്സ്ബുക്ക്, എക്സ്, തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ചില ക്രമക്കേടുകൾ നടത്താൻ പദ്ധതിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പ്രസ്താവനയിൽ പറയുന്നുണ്ട്. ഇത്തരം പ്ലാറ്റ് ഫോമുകളുലൂടെ ചോദ്യപേപ്പറുകൾ വിൽക്കാനുള്ള ശ്രമം നടക്കാനുളള സാധ്യതയുണ്ടെന്നും പ്രസ്താവനയിലുണ്ട്.