അസമിലെ 60 ശതമാനം മേഖലയും അഫ്‌സ്പ മുക്തമാക്കിയെന്ന് അമിത് ഷാ
|'സൈന്യത്തിനുള്ള പ്രത്യേക അധികാരം അസമിൽ നിന്നും ഒഴിവാക്കും'
ഗുവാഹത്തി: അസമിലെ 60 ശതമാനം മേഖലയും അഫ്‌സ്പ മുക്തമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിനുള്ള പ്രത്യേക അധികാരം അസമിൽ നിന്നും ഒഴിവാക്കുമെന്നും വരും വർഷങ്ങളിൽ സംസ്ഥാനം സമ്പൂർണ കലാപരഹിതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുവാഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അസം ഉടൻ തന്നെ തീവ്രവാദ വിമുക്തമാകും. കഴിഞ്ഞ ആറ് മാസത്തിനിടെ അസമിൽ ഒരു നുഴഞ്ഞുകയറ്റവും ഉണ്ടായിട്ടില്ല. അസമിലെ യുവാക്കൾ ഇപ്പോൾ അഫ്സ്പയ്ക്ക് പകരം വികസനമാണ് ആഗ്രഹിക്കുന്നത്. അസം പൊലീസിനെ പ്രശംസിക്കാനും ഷാ മറന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ അസം പൊലീസ് നിരവധി നാഴികക്കല്ലുകളാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.
1990 കളിൽ അഫ്‌സ്പ നടപ്പാക്കിയത്. മോദി സർക്കാർ അധികാരത്തിൽ വരുന്നതുവരെ ഏഴു തവണ അഫ്‌സ്പ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എട്ട് വർഷത്തെ ഭരണത്തിനുള്ളിൽ സംസ്ഥാനത്തെ 23 ജില്ലകൾ അഫ്സ്പ വിമുക്തമാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.