അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ അടുത്ത വർഷം ഫെബ്രുവരിയിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
|ഫെബ്രുവരി നാലിന് ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഗുവാഹതി: അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ 2024 ഫെബ്രുവരിയിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 'ലവ് ജിഹാദ്' സംബന്ധിച്ച വകുപ്പുകളും ബില്ലിലുണ്ടാവുമെന്നാണ് വിവരം. ബഹുഭാര്യത്വം നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്ന് ഈ വർഷം മേയ് 12ന് അസം സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതിയേയും നിയോഗിച്ചിരുന്നു.
വിദഗ്ധ സമിതി പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ചിരുന്നു. ഫെബ്രുവരി നാലിന് ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം ഫെബ്രുവരി മുതൽ അസം സർക്കാർ ശൈശവവിവാഹത്തിനെതിരെയും കർശന നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. 2026നകം സംസ്ഥാനത്ത് ശൈശവ വിവാഹം പൂർണമായി ഇല്ലാതാക്കുമെന്ന നിലപാടിലാണ് സർക്കാർ. ശൈശവ വിവാഹത്തിന്റെ പേരിൽ ഇതുവരെ 4235 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3000ൽ ഏറെ ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.