India
ബി.എസ്.പി തമിഴ്നാട് അധ്യക്ഷന്റെ കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മായാവതി
India

ബി.എസ്.പി തമിഴ്നാട് അധ്യക്ഷന്റെ കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മായാവതി

Web Desk
|
7 July 2024 9:25 AM GMT

അന്വേഷണം തമിഴ്‌നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് മായാവതി ആരോപിച്ചു

ചെന്നൈ: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി ​ദേശീയ അധ്യക്ഷ മായാവതി. കേസിൻ്റെ അന്വേഷണം തമിഴ്‌നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് മായാവതി ആരോപിച്ചു.

കെ ആംസ്ട്രോങ്ങിന് അന്തിമോപചാരം അർപ്പിക്കാൻ മായാവതിയും മരുമകനും ബി.എസ്.പി ദേശീയ കോർഡിനേറ്ററുമായ ആകാശ് ആനന്ദും ചെന്നൈയിലെത്തി. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെ മായാവതി ചോദ്യം ചെയ്തു.

'ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ രീതിയിൽ തമിഴ്‌നാട്ടിൽ ക്രമസമാധാനപാലനമില്ലെന്ന് തോന്നുന്നു. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.'- അവർ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ചെന്നൈയിലെ പെരമ്പലൂരിലുള്ള വസതിക്ക് സമീപം പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനിടെ ആംസ്ട്രോങ്ങിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറം​ഗ സംഘമാണ് ആക്രമണം നടത്തിയത്. ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൊല നടത്തിയത്.

സംഘം ആംസ്‌ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്നാട്ടിലെ ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു മുൻ ചെന്നൈ കോർപറേഷൻ കൗൺസിലർ കൂടിയായ ആംസ്ട്രോങ്.

Related Tags :
Similar Posts