നിയമസഭാ തെരഞ്ഞെടുപ്പ്: ജമ്മു കശ്മീരിലും ഹരിയാനയിലും തിരക്കിട്ട നീക്കങ്ങളുമായി പാർട്ടികൾ
|ജമ്മു കശ്മീരിൽ താരിഖ് ഹമീദിനെ കോൺഗ്രസ് പുതിയ പി.സി.സി അധ്യക്ഷനായി നിയമിച്ചു.
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ജമ്മു കശ്മീരിലും ഹരിയാനയിലും തിരക്കിട്ട നീക്കങ്ങളുമായി പാർട്ടികൾ. ജമ്മു കശ്മീരിൽ താരിഖ് ഹമീദിനെ കോൺഗ്രസ് പുതിയ പി.സി.സി അധ്യക്ഷനായി നിയമിച്ചു. താരാ ചന്തും, രാമൻ ബെല്ലയുമാണ് പുതിയ വർക്കിങ് പ്രസിഡന്റുമാർ. ഒക്ടോബർ നാലിനാണ് ഫലപ്രഖ്യാപനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാവാത്തത് നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. ജമ്മു കശ്മീരിലെ ബി.ജെ.പി സർവസജ്ജമെന്ന് അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പിയും നാഷണൽ കോൺഫറൻസും നേർക്കുനേർ വരികയാണ്. അതിനിടെ താൻ മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുല്ലയും വ്യക്തമാക്കി.
നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പി.ഡി.പിയും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം ഹരിയാനയിലെ 90 സീറ്റുകളിലും മത്സരിക്കാൻ തയ്യാറെടുക്കുകയാണ് ജെ.ജെ.പി. എൻ.ഡി.എ സഖ്യത്തിൽ നിന്ന് വിട്ടുവന്ന ജെ.ജെ.പി ഹരിയാനയിലെ നിർണായക ശക്തിയാണ്.
കഴിഞ്ഞ 10 വർഷത്തെ ബി.ജെ.പി ഭരണത്തിലാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയതെന്നും, മേവാത്തിൽ കലാപം ഉണ്ടാക്കുകയായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം എന്നും ലോക് ദൾ ആരോപിച്ചു. ഹരിയാനയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഒ.ബി.സി വോട്ടുകൾ ഏകീകരിക്കാൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടാറിനെ മാറ്റി നയാബ് സിങ് സൈനിയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയിരുന്നു.