India
വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്; മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ്
India

വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്; മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ്

Web Desk
|
16 Aug 2024 10:58 AM GMT

ന്യൂഡൽഹി: വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്. തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം സെപ്തംബർ 18നും രണ്ടാം ഘട്ടം 25 നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനുമാണ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.

പത്തുവർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 മണ്ഡലങ്ങളാണുള്ളത്. ആദ്യഘട്ടത്തിൽ 24 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 26 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്. അവസാനഘട്ടത്തിൽ 40 സീറ്റിലേക്കാണ് മത്സരം നടക്കുക. 2014ൽ അഞ്ച് ഘട്ടങ്ങളായാണ് മത്സരം നടന്നിരുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവെക്കുകയും സപ്തംബർ 30നകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.

ജമ്മു കശ്മീരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ ജനപങ്കാളിത്തം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നതായി തരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ പറഞ്ഞു. 2014 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.കെ.പി.ഡി.പി 28 സീറ്റും ബിജെപി 25 സീറ്റും ജെകെഎൻസി 15 സീറ്റുമാണ് നേടിയിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 12 സീറ്റായിരുന്നു.

Similar Posts