മദ്രാസ് ഐ.ഐ.ടിയിലെ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി അസിസ്റ്റന്റ് പ്രഫസര്‍ രാജിവെച്ചു
|എസ്.സി വിഭാഗത്തില്‍ നിന്നും ഒ.ബി.സി വിഭാഗത്തില്‍ നിന്നും അസിസ്റ്റന്റ് പ്രഫസര്‍മാരായി എത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കണമെന്നും വിപിന്‍ ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു
മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് കടുത്ത ജാതി വിവേചനം നേരിടുന്നതായി ആരോപിച്ച് മലയാളി അസിസ്റ്റന്റ് പ്രഫസര്‍ വിപിന്‍ പുതിയേടത്ത് രാജിവെച്ചു. ഒബിസി വിഭാഗത്തില്‍ നിന്നുള്ള വിപിന്‍ ജോലിയില്‍ പ്രവേശിച്ചത് 2019 മാര്‍ച്ചിലാണ്. അന്നുമുതല്‍ കടുത്ത ജാതി വിവേചനമാണ് നേരിടുന്നതെന്ന് വിപിന്‍ ആരോപിക്കുന്നു.
ഐ.ഐ.ടിയില്‍ താന്‍ നേരിട്ട ജാതി വിവേചനത്തെ കുറിച്ചും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ചും വിപിന്‍ പുതിയേടത്ത് സുഹൃത്തുക്കള്‍ക്ക് അയച്ച മെയിലില്‍ പറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഭാവിയില്‍ ഇത്തരം സാഹചര്യം മദ്രാസ് ഐ.ഐ.ടിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണമെന്നും ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എസ്.സി വിഭാഗത്തില്‍ നിന്നും ഒ.ബി.സി വിഭാഗത്തില്‍ നിന്നും അസിസ്റ്റന്റ് പ്രഫസര്‍മാരായി എത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കണമെന്നും വിപിന്‍ ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക ശാസ്ത്ര വകുപ്പിലെ പോസ്റ്റ്ഡോക്ടറല്‍ ഫാക്കല്‍റ്റി അംഗമായ വിപിന്‍ ചൈനയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ വ്യക്തിയുമാണ്. യുഎസിലെ ജോര്‍ജ്ജ് മാസണ് സര്‍വകലാശാലയില്‍ നിന്നാണ് വിപിന്‍ പി.എച്ച്.ഡി സ്വന്തമാക്കിയത്.