മടുത്തു ഈ ജീവിതം; പോർട്ടർ ജോലിയിലേക്ക് മാറി അസിസ്റ്റൻറ് പ്രൊഫസർ
|കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവാവിനെ ഏപ്രിൽ ഏഴ് മുതൽ കാണാതായിരുന്നു
ഹൈദരാബാദ്: ജീവിത ശൈലി മടുത്തതോടെ എൻജിനിയറിംഗ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ജോലി ഉപേക്ഷിച്ച് യുവാവ്. പോർട്ടർ ജോലിയിലേക്കാണ് ഇദ്ദേഹം മാറിയത്. ഹൈദരാബാദിന് സമീപമുള്ള അബ്ദുല്ലാപൂർമേട്ടിൽ സ്വകാര്യ കോളേജിൽ ജോലി ചെയ്തിരുന്ന യുവാവാണ് തൊഴിൽ മാറിയത്. കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവാവിനെ ഏപ്രിൽ ഏഴ് മുതൽ കാണാതായിരുന്നു. ഇയാൾ തെലങ്കാനയിലെ ഖമ്മം ജില്ലയിലുള്ള സ്വദേശത്തേക്ക് ഇദ്ദേഹം പോയതാണെന്നാണ് കോളേജ് അധികൃതർ കരുതിയിരുന്നത്. എന്നാൽ പിന്നീട് കുടുംബവുമായി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്. കുറച്ചു ദിവസം കാത്തിരുന്ന ശേഷം കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം മാർക്കറ്റിൽ പോർട്ടർ ജോലി ചെയ്ത് കഴിയുന്നതായി കണ്ടെത്തിയത്.
അബ്ദുല്ലാപൂർമേട്ടിലെ പ്രാദേശിക മാർക്കറ്റിൽ ഇൻസ്‌പെക്ടർ സുനിൽകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ സംഘം സ്ഥലത്തെിയപ്പോൾ യുവാവ് പോർട്ടറായി ജോലി ചെയ്യുന്നത് കാണുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് കുടുംബത്തിന് കൈമാറി. അദ്ദേഹത്തിന് കൗൺസിൽ നൽകാനും പൊലീസ് കുടുംബത്തോട് ഉപദേശിച്ചിട്ടുണ്ട്.
The young man, who was an assistant professor in an engineering college, quit his job and started working as a porter in Hyderabad.