'2024ൽ അധികാരമാറ്റം സംഭവിക്കും; സഖ്യകക്ഷി സര്‍ക്കാരും വനിതാ പ്രധാനമന്ത്രിയും വരും'; പ്രവചനവുമായി ജ്യോതിഷി
|ഇത്തവണ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വമ്പൻ വിജയം പ്രവചിച്ചാണ് യശ്വന്ത് ഗുരുജി ശ്രദ്ധ നേടുന്നത്
ബംഗളൂരു: 2024ൽ രാജ്യത്ത് അധികാരമാറ്റമുണ്ടാകുമെന്ന് പ്രവചനവുമായി ജ്യോതിഷി. വനിതാ പ്രധാനമന്ത്രി അധികാരമേൽക്കുമെന്നും പ്രവചനമുണ്ട്. കർണാടകയിലെ തുമകുരു ജില്ലയിലെ തിപ്തൂർ നൊനവിനക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനങ്ങളാണു വാർത്തയിൽ നിറയുന്നത്.
ഇത്തവണ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വമ്പൻ വിജയം പ്രവചിച്ചാണ് യശ്വന്ത് ഗുരുജി ശ്രദ്ധ നേടുന്നത്. രാജ്യത്തെ രാഷ്ട്രീയ രംഗത്ത് വരുംവർഷങ്ങളിൽ വമ്പൻ മാറ്റങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ല. സഖ്യകക്ഷി സർക്കാരാണ് അധികാരത്തിലേറാൻ പോകുന്നതെന്നും യശ്വന്ത് പ്രവചിക്കുന്നു.
2024 ഫെബ്രുവരിയിലെ ശിവരാത്രി ആഘോഷങ്ങൾക്കുശേഷമാകും രാജ്യത്തെ അധികാരമാറ്റം സംഭവിക്കുകയെന്നും യശ്വന്ത് വിശദീകരിക്കുന്നുണ്ട്. ഇതിനുമുൻപ് തെരഞ്ഞെടുപ്പ് നടന്നാൽ നരേന്ദ്ര മോദി അധികാരം നിലനിർത്തും. മാർച്ചിൽ പുതിയ വനിതാ പ്രധാനമന്ത്രി അധികാരമേൽക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മമത ബാനർജി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരിൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഫെബ്രുവരിക്കു ശേഷം പറയാമെന്നായിരുന്നു മറുപടി.
നരേന്ദ്ര മോദിയുടെ വളർച്ചയും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയവും യശ്വന്ത് ഗുരുജി നേരത്തെ പ്രവചിച്ചിരുന്നുവെന്ന് അവകാശവാദമുണ്ട്. 2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും പ്രവചിച്ചിരുന്നതായും പറയുന്നു.
Summary: Viral astrologer Dr Yashwant Guruji predicts coalition government and woman Prime Minister in 2024 Lok Sabha election