68-ാം വയസിൽ മകനൊപ്പം ജിമ്മിൽ വർക്ക്ഔട്ട്; കൈയടിയുമായി സോഷ്യൽമീഡിയ
|ഈ പ്രായത്തിൽ ഇനിയൊന്നും ചെയ്യാനില്ല എന്ന് കരുതുന്നവർക്ക് നിങ്ങൾ പ്രചോദനമാണെന്നായിരുന്നു ഒരാളുടെ കമന്‍റ്
ന്യൂഡല്‍ഹി: ശാരീരിക ക്ഷമത വീണ്ടെടുക്കാനും ദിവസവും വ്യായാമം ചെയ്യാനുമൊക്കെ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. എന്നാൽ അതിന് വേണ്ടി മെനക്കെടാൻ പലർക്കും മടിയാണ്. സമയമില്ലെന്ന് പറഞ്ഞാണ് ചിലർ മടിക്കുന്നത്. എന്നാൽ ചിലരാകട്ടെ, പ്രായമൊക്കെയായി, ഇനി വർക്ക് ഔട്ട് ചെയ്തിട്ടെന്താ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. എന്നാൽ ആഗ്രഹമുണ്ടെങ്കിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പ്രായമൊരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് 68 കാരിയായ വയോധിക. ഈ പ്രായത്തിലും നിത്യവും ജിമ്മിലെത്തി വർക്ക് ചെയ്യുന്ന ഇവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽവൈറലാണ്. മകനായ അജയ് സാങ്വാനൊപ്പമാണ് 68 കാരി ജിമ്മിലെത്തിയത്. ഇവരുടെ വീഡിയോ weightliftermummy എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു. ഇത് സോഷ്യൽമീഡിയയിൽ വൈറലായി.
ആറായിരത്തിലധികം ഫോളോവേഴ്സുള്ള @weightliftermummy ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് അവരുടെ മകനാണ്. മകന്റെ നിർദേശപ്രകാരം കഠിനമായ വ്യായമങ്ങൾ ചെയ്യുന്നതും വീഡിയോയിലുണ്ട്. ഫെബ്രുവരിയിൽ കാൽമുട്ടുകളിൽ സന്ധിവാതം ബാധിക്കുകയും നടുവിന് പരിക്കേൽക്കുയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യം വീണ്ടെടുക്കാനായി ജൂലൈയിൽ ജിമ്മിലെത്തി വ്യായാമം ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് ഇവർ പറയുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനുമായി എത്തിയത്. ഒരുപാട് സ്ത്രീകൾക്ക് നിങ്ങൾ പ്രചോദനമാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഈ പ്രായത്തിൽ ഇനിയൊന്നും ചെയ്യാനില്ല എന്ന് കരുതുന്നവർക്ക് നിങ്ങൾ മാതൃകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അമ്മയെ ജിമ്മില്‍ പോകാന്‍ പ്രോത്സാഹിപ്പിക്കുന്ന മകനെ അഭിനന്ദിച്ചും നിരവധി പേരെത്തി.