ഹൈദരാബാദില്‍ ആക്രി ഗോഡൗണില്‍ തീപ്പിടിത്തം; 11 അതിഥി തൊഴിലാളികള്‍ വെന്തുമരിച്ചു
|ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്
ഹൈദരാബാദ് ഭോയ്ഗുഡയിലെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ 11 അതിഥി തൊഴിലാളികള്‍ വെന്തുമരിച്ചു. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്‍.
എട്ട് മൃതദേഹങ്ങളും പുറത്തെടുത്ത് കൂടുതൽ നടപടിക്രമങ്ങൾക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായി ഡിസിപി അറിയിച്ചു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റെസിഡൻഷ്യൽ കോളനിയിലാണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഈ സമയം ഗോഡൗണിന്‍റെ മുകള്‍ നിലയില്‍ തൊഴിലാളികള്‍ ഉറങ്ങുകയായിരുന്നു. 13 ഓളം പേരുണ്ടായിരുന്നു ഇവര്‍. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണം. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
എട്ടു ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെ രാവിലെ 7 മണിയോടെയാണ് തീ അണച്ചത്. ''ഞങ്ങൾ ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെടുത്തു, അവയെല്ലാം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഒരു തൊഴിലാളി രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ നില ഗുരുതരമാണ്'' പൊലീസ് പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച മന്ത്രി തലസാനി ശ്രീനിവാസ യാദവ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു.