കേന്ദ്രം അറിഞ്ഞില്ലേ പ്രാണവായു കിട്ടാതെ ജനം പിടഞ്ഞുമരിച്ചത്?
|അഞ്ച് സംസ്ഥാനങ്ങളിലായി ചുരുങ്ങിയത് 195 രോഗികളെങ്കിലും ഓക്സിജന്റെ അഭാവം മൂലം മരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ
രണ്ടാം കോവിഡ് വ്യാപനത്തിനിടെ പ്രാണവായു ലഭിക്കാതെ രാജ്യത്ത് നിരവധി രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ ഇതു സംബന്ധിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. കോവിഡ് വ്യാപനത്തിനിടെ ഓക്സിജൻ ലഭിക്കാതെ രാജ്യത്ത് മരണമുണ്ടായതായി സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ രാജ്യസഭയെ അറിച്ചത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇത് പറഞ്ഞത്.
രണ്ടാം കോവിഡ് വ്യാപനത്തിനിടെ രാജ്യതലസ്ഥാനത്തടക്കം ജനങ്ങൾ പ്രാണവായു കിട്ടാതെ മരിച്ചത് കേന്ദ്രസർക്കാർ അറിഞ്ഞില്ലെന്നാണോ ആരോഗ്യ സഹമന്ത്രിയുടെ വാക്കുകളിൽ നിന്ന് മനസിലാക്കേണ്ടത്?
'ആരോഗ്യം ഒരു സംസ്ഥാന വിഷയമാണ്. മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതുപ്രകാരം സംസ്ഥാനങ്ങൾ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഓക്സിജന്റെ അഭാവം മൂലമുള്ള മരണങ്ങളൊന്നും സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല'- എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. എത്ര നിസാരമായാണ് സംസ്ഥാനങ്ങൾക്കുമേൽ കുറ്റം ചുമത്തി കേന്ദ്രം കൈകഴുകിയത്.
ഓക്സിജൻ ലഭിക്കുന്നില്ലെന്നുകാട്ടി പല സംസ്ഥാനങ്ങളിലെയും ആശുപത്രികൾ കോടതികളെ സമീപിച്ചത് പിന്നെ എന്തിനായിരുന്നു? ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ കുടുംബങ്ങളോട് കേന്ദ്രസർക്കാർ എന്ത് മറുപടിയാണ് പറയുക? ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ച ഡൽഹിയിലെ ആശുപത്രികളിലെ ഡോക്ടർമാരുടെ പ്രതികരണം നുണയായിരുന്നു എന്നാണോ കേന്ദ്രം പറയുന്നത്?.
പ്രാണവായു കിട്ടാതെ സ്വന്തം ജനം മരിച്ചുവീഴുന്നുവെന്ന മാധ്യമ വാർത്തകൾ കള്ളമായിരുന്നോ? ചാണകം കോവിഡിന് ഫലപ്രദമല്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടവർക്കെതിരെ പോലും രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സർക്കാരുകൾ എന്തേ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല? ഉത്തരം ലളിതമാണ്. പ്രാണവായു കിട്ടാതെ രാജ്യത്തെ ജനങ്ങൾ മരിച്ചിട്ടുണ്ട്. ഒന്നും രണ്ടും പേരല്ല, നിരവധിപേർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി.
അഞ്ച് സംസ്ഥാനങ്ങളിലായി ചുരുങ്ങിയത് 195 രോഗികളെങ്കിലും ഓക്സിജന്റെ അഭാവം മൂലം മരിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. മെയ് ഒന്നിന് ഓക്സിജൻ കുറവ് മൂലം 12 രോഗികൾ മരിച്ചതായി ഡൽഹിയിലെ ബാട്ര ആശുപത്രി അറിയിച്ചിരുന്നു. മെയ് 2, 3 തീയതികളിൽ കർണാടകയിലെ ചാംരാജാനഗർ ജില്ലയിൽ 24 രോഗികളും ആന്ധ്രാപ്രദേശിൽ 45 രോഗികളും മരിച്ചു. കൂടാതെ, ഹരിയാനയിൽ ഏപ്രിൽ 5 നും മെയ് ഒന്നിനും ഇടയിൽ 19 രോഗികളും ഗോവയിൽ മെയ് 11നും 15നുമിടക്ക് 83 രോഗികളും ഓക്സിജൻ കുറവ് മൂലം മരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പ്രാണവായു ലഭിക്കാതെ ഇന്ത്യയിൽ ഇരുന്നൂറോളം പേർ മരിച്ചുവെന്നാണ് വാർത്ത പോർട്ടലായ ഗ്രെയിൻ മാർട്ട് പറയുന്നത്. പുറത്തുവന്ന കണക്കുകൾ മാത്രമാണിത്. ഓക്സിജൻ ബെഡ് ലഭിക്കാതെയും ആശുപത്രിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടും വീടുകളിൽ കിടന്നും പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ചവരുടെ പുറത്തുവരാത്ത കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ഇതിലേറെവരും.
ഓക്സിജൻ ലഭിക്കാതെയുള്ള രോഗികളുടെ മരണത്തെ മോദി സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വലിയ വീഴ്ചയായാണ് പ്രമുഖ അന്തർദേശീയ മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചത്. പ്രാണവായു കിട്ടാതെ സ്വന്തം ജനം പിടഞ്ഞുമരിക്കുമ്പോൾ രാജ്യത്തെ കോടതികൾ പോലും അതിനെതിരെ ശബ്ദമുയർത്തി. രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിൽ സുപ്രീംകോടതി കേന്ദ്രത്തിന് അന്ത്യശാസനം പോലും നൽകി.
ഓക്സിജന്റെ കുറവ് മൂലം കർണാടകയിൽ 24 രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി രേഖകൾ പിടിച്ചെടുക്കാൻ പോലും കർണാടക ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഓക്സിജനുവേണ്ടി സമൂഹ മാധ്യമങ്ങളിൽ അപേക്ഷിച്ചവർക്കെതിരെ കേസെടുത്ത സംഭവങ്ങൾ പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 12 ന് പൂനെയിൽ കോവിഡ് പോസിറ്റീവായ സ്ത്രീ ഏഴ് മണിക്കൂറോളം ഓക്സിജൻ ബെഡ് അന്വേഷിച്ച് ലഭിക്കാതെ മരണത്തിന് കീഴടങ്ങിയെന്ന വാർത്ത ദേശീയ മാധ്യമങ്ങൾപോലും വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് ഡൽഹിയിലടക്കം അത് സ്ഥിരം കാഴ്ചയായി.
കൈകൾ കൂപ്പിക്കൊണ്ട് ഞങ്ങൾക്ക് പ്രാണവായു തരൂ എന്ന് പ്രധാനമന്ത്രിക്കു മുന്നിൽ നിന്ന് അപേക്ഷിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീഡിയോ ജനം അത്രവേഗമൊന്നും മറക്കാനിടയില്ല. പ്രാണവായു കിട്ടാതെ ശ്വാസം മുട്ടുന്ന തലസ്ഥാനത്തിന്റെ ദൈന്യത വെളിവാക്കുന്നതായിരുന്നു കേജരിവാളിന്റെ ആ വാക്കുകൾ.
ഓക്സിൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിനെതിരേ വിവിധ സംസ്ഥാനങ്ങൾ രംഗത്തുവന്നു കഴിഞ്ഞു. കേന്ദ്ര സർക്കാർ കള്ളം പറയുകയാണെന്നും തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. കേന്ദ്രം സത്യത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും മരിച്ചവരുടെ ബന്ധുക്കൾ സർക്കാരിനെതിരെ കോടതിയെ സമീപിക്കണമെന്നും ശിവസേന എംപി സഞ്ജയ് റാവത്തും പറഞ്ഞു. ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് പറയുന്നത് തികച്ചും തെറ്റാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ പ്രാണവായു കിട്ടാതെയുള്ള മരണം; പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ...
ഏപ്രിൽ 12
- പൂനെയിൽ കോവിഡ് പോസിറ്റീവായ സ്ത്രീ ഏഴ് മണിക്കൂറോളം ഓക്സിജൻ ബെഡ് അന്വേഷിച്ചെങ്കിലും ലഭിക്കാതെ ഒടുവിൽ മരണത്തിന് കീഴടങ്ങി
ഏപ്രിൽ 13
- ഓക്സിജൻ ലഭിക്കാതെ മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ വിനായക ആശുപത്രിയിൽ ഏഴുപേർ മരിച്ചു
ഏപ്രിൽ 15
- ഗുജറാത്തിലെ ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതിനാൽ നിരവധിപേർ പ്രാണവായു കിട്ടാതെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു
ഏപ്രിൽ 18
- ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മന്ത്രി. പുറത്തുവന്ന വാർത്ത തെറ്റെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 19
- തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ അഞ്ച് പേർ മരിച്ചു
- ഡൽഹിയിൽ ഓക്സിജൻ ബെഡിന് ക്ഷാമം റിപ്പോർട്ട് ചെയ്തു
- രാത്രിയിൽ ഓക്സിജൻ തീർന്നുപോയതിനാൽ മധ്യപ്രദേശിൽ 12 കോവിഡ് രോഗികൾ മരിച്ചു
ഏപ്രിൽ 20
- നാഗ്പൂർ ആശുപത്രിയിൽ നിരവധി രോഗികൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു
ഏപ്രിൽ 21
- മഹാരാഷ്ട്രയിലെ നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് 24 കോവിഡ് രോഗികൾ മരിച്ചു
- ഉത്തർപ്രദേശിൽ അഞ്ച് കോവിഡ് രോഗികൾ ഓക്സിജൻ ക്ഷാമം മൂലം മരിച്ചു. വാർത്ത ആശുപത്രി നിഷേധിച്ചു.
- രാജസ്ഥാനിലെ കോട്ടയിൽ ഓക്സിജൻ ലഭിക്കാതെ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
ഏപ്രിൽ 23
- ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രികൾ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തി
- ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ തീർന്ന് 25 രോഗികൾ മരിച്ചു
ഏപ്രിൽ 24
- ഓക്സിജൻ ലഭിക്കാതെ ആറ് കോവിഡ് രോഗികൾ പഞ്ചാബിൽ മരിച്ചു
- ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ 25 കോവിഡ് രോഗികൾ പ്രാണവായു കിട്ടാതെ മരിച്ചു
ഏപ്രിൽ 25
- ഡൽഹിയിലെ പെനാറ്റാമെഡ് ആശുപത്രിയിൽ കടുത്ത ഓക്സിജൻ ക്ഷാമം മൂലം 50 രോഗികൾ ഗുരുതരാവസ്ഥയിലായി
- ഓക്സിജൻ കിട്ടാതെ ഗുജറാത്തിൽ പത്തിലധികം കോവിഡ് രോഗികൾ മരിച്ചു
ഏപ്രിൽ 26
- ഹരിയാനയിലെ ആശുപത്രികളിൽ എട്ട് രോഗികൾ പ്രാണവായു കിട്ടാതെ മരിച്ചു. ജില്ലാ ഭരണകൂടം അന്വേഷത്തിന് ഉത്തരവിട്ടു.
ഏപ്രിൽ 27
- മീററ്റിലെ ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാതെ പത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്തു
ഏപ്രിൽ 28
- ഓക്സിജന്റെ അഭാവം മൂലം മരിച്ചവരുടെ കണക്കുകൾ അറിയിക്കണമെന്നും, കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു
മെയ് 1
- ഡൽഹിയിലെ ബാട്ര ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
- രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ കുറവ് ഇല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു
മെയ് 2
- ആന്ധ്രയിൽ ഓക്സിജൻ ലഭിക്കാതെ 16 കോവിഡ് രോഗികൾ മരിച്ചു
മെയ് 3
- കർണാടകയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി. ചാംരാജാനഗർ ജില്ലയിൽ 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
മെയ് 5
- ഓക്സിജന്റെ കുറവ് മൂലം ചാംരാജാനഗർ ജില്ലയിൽ 24 രോഗികൾ മരിച്ച സംഭവം; ആശുപത്രി രേഖകൾ പിടിച്ചെടുക്കാൻ കർണാടക ഹൈക്കോടതി നിർദേശം നൽകി
- ഹരിദ്വാറിൽ ഓക്സിജൻ ലഭിക്കാതെയുണ്ടായ അഞ്ച് മരണങ്ങൾ ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു.
- തമിഴ്നാട്ടിൽ 13 കോവിഡ് രോഗികൾ മരിച്ചത് ഓക്സിജൻ ലഭിക്കാതെയെന്ന് കുടുംബങ്ങൾ
- കർണാടകയിൽ 28 ഓളം രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചുവെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെട്ടു
- ഓക്സിജൻ ക്ഷാമം കാരണം ജമ്മു കശ്മീരിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു