പി.ടി ഉഷ രാജ്യസഭാംഗമായി; സത്യപ്രതിജ്ഞ ഹിന്ദിയില്‍
|കായിക മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണ് തന്‍റെ എംപി സ്ഥാനമെന്നും പ്രധാനമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും പി.ടി ഉഷ
ഡല്‍ഹി: ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കായിക മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണ് തന്‍റെ എംപി സ്ഥാനമെന്നും പ്രധാനമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും പി.ടി ഉഷ പറഞ്ഞു.
കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് പി.ടി ഉഷ വ്യക്തമാക്കി. കായിക മേഖലയ്ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി പി.ടി ഉഷ പറഞ്ഞു.
പി.ടി ഉഷ ഉള്‍പ്പെടെ നാലു പേരെയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സംഗീതജ്ഞൻ ഇളയരാജ, സാമൂഹ്യസേവന രംഗത്ത് നിന്നും വീരേന്ദ്ര ഹെഗ്ഡെ, സാംസ്കാരിക രംഗത്ത് നിന്നും വിജയേന്ദ്ര പ്രസാദുമാണ് രാജ്യസഭയിലെത്തിയത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയാണ് പി.ടി ഉഷ.
14 വർഷം നീണ്ട കരിയറിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്‌ലറ്റാണ് പി.ടി ഉഷ. ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു. പി.ടി ഉഷയുടെ കുടുംബവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.