ഐഎഎസുകാരനും പട്ടിക്കും നടക്കണം; ഡല്‍ഹി സ്റ്റേഡിയത്തിൽനിന്ന് കായിക താരങ്ങളെ ഒഴിപ്പിച്ച് അധികൃതര്‍!
|ഐഎഎസ് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് സ്റ്റേഡിയം അധികൃതര്‍
ന്യൂഡൽഹി: ഏതാനും മാസങ്ങളായി ഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തുന്ന അത്ലറ്റുകൾക്കും കോച്ചുകള്‍ക്കും വൈകിട്ട് ഏഴിന് മുമ്പ് എല്ലാം തീർക്കണം. ഒറ്റക്കാരണം; ഡൽഹി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് ഖിർവാർ വളര്‍ത്തു പട്ടിയുമൊത്ത് പരിശീലനത്തിന് വരും! ഖിർവാറിന് സൗകര്യമൊരുക്കാനാണ് അര മണിക്കൂർ മുമ്പ് താരങ്ങളെയും പരിശീലകരെയും സ്റ്റേഡിയം അധികൃതർ തിടുക്കപ്പെട്ട് ഒഴിപ്പിക്കുന്നത്.
'നേരത്തെ, ലൈറ്റിന് താഴെ 8-8.30 വരെ ഞങ്ങൾ പരിശീലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏഴു മണിക്കു തന്നെ സ്റ്റേഡിയം വിടാൻ ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥന് പട്ടിക്കൊപ്പം നടക്കാനുള്ള സൗകര്യത്തിനാണിത്. ഞങ്ങളുടെ പതിവു പരിശീലനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്' - ഒരു കോച്ച് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ആരോപണം 'സമ്പൂർണമായി തെറ്റാണ്' എന്നാണ് 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഖിർവാർ പത്രത്തോട് പ്രതികരിച്ചത്. ചില വേളയിൽ വളർത്തുമൃഗത്തോടൊപ്പം നടക്കാനിറങ്ങാറുണ്ടെന്നും എന്നാൽ അത്ലറ്റുകളുടെ പരിശീലനം മുടക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനു ശേഷം, കഴിഞ്ഞയാഴ്ച മൂന്നു ദിവസം ഇന്ത്യൻ എക്സ്പ്രസ് മാധ്യമസംഘം സ്റ്റേഡിയം സന്ദർശിച്ചു. ഏഴു മണിക്ക് മുമ്പ് സ്റ്റേഡിയത്തിൽനിന്ന് എല്ലാവരെയും പറഞ്ഞയക്കുന്ന ജീവനക്കാരെയാണ് സംഘത്തിന് കാണാനായത്. 2010 ലെ കോമൺവെൽത്ത് ഗെയിംസിനായി നിർമിച്ചതാണ് ഫുട്ബോള്‍ മൈതാനവും സിന്തറ്റിക് ട്രാക്കും അടങ്ങുന്ന ത്യാഗരാജ സ്റ്റേഡിയം.
വൈകിട്ട് നാലു മുതൽ ആറു മണി വരെയാണ് പരിശീലനത്തിനുള്ള സമയമെന്ന് സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എന്നാൽ കടുത്ത ചൂടു പരിഗണിച്ചാണ് ഏഴു മണി വരെ പരിശീലനം അനുവദിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സമയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പങ്കുവയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. ഏഴു മണിക്കു ശേഷം ഏതെങ്കിലും ഉദ്യോഗസ്ഥൻ സ്റ്റേഡിയം ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും അജിത് ചൗധരി കൂട്ടിച്ചേർത്തു.
'ഏഴു മണിക്ക് ഞങ്ങൾ അടക്കും. സർക്കാർ കാര്യാലയങ്ങളിൽ സമയക്രമമുണ്ട്. ഡൽഹി സർക്കാറിനു കീഴിലുള്ള ഒരു സർക്കാർ ഓഫീസാണിത്. അത്തരം കാര്യങ്ങളെ കുറിച്ച് (സർക്കാർ ഉദ്യോഗസ്ഥൻ പട്ടിയുമായി നടത്തത്തിനിറങ്ങുന്നത്) അറിയില്ല. ഞാൻ ഏഴു മണിക്ക് സ്റ്റേഡിയം വിടാറുണ്ട്' - അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച ഖിർവാർ പട്ടിയുമൊത്ത് വൈകിട്ട് ഏഴരയ്ക്ക് സ്റ്റേഡിയത്തിലെത്തിയതായി ഇന്ത്യൻ എക്സ്പ്രസ് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നോക്കി നിൽക്കെ വളർത്തുമൃഗം ട്രാക്കിലും ഫുട്ബോൾ മൈതാനത്തും അലഞ്ഞു നടന്നിരുന്നു.
ഇത് അധികാര ദുർവിനിയോഗമാണെന്ന് ഒരു അത്ലറ്റിന്റെ രക്ഷിതാവ് പറഞ്ഞു. 'എന്റെ കുട്ടിയുടെ പരിശീലനം മുടങ്ങാറുണ്ട്. രാത്രി ഏറെ കഴിഞ്ഞാണ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് എന്ന് പറയുകയാണ് എങ്കിലും ഇത് ന്യായീകരിക്കാനാകുമോ? ഇത് അധികാര ദുർവിനിയോഗമാണ്' - രക്ഷിതാവ് കൂട്ടിച്ചേർത്തു. പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് അടക്കമുള്ളവര്‍ അധികൃതരുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.
വൈകിട്ട് എട്ടര-ഒമ്പതു മണി വരെ നേരത്തെ പരിശീലനം നടത്തിയിരുന്നതായി അത്ലറ്റുകൾ പറയുന്നു. അസൗകര്യത്തെ തുടർന്ന് പല അത്ലറ്റുകളും പരിശീലനം മൂന്നു കിലോമീറ്റർ അകലെയുള്ള ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ, ആരോപണങ്ങളെ തുടർന്ന് ഡൽഹിയിലെ സ്റ്റേഡിയങ്ങളിലെ പ്രവർത്തന സമയം രാത്രി പത്തു മണി വരെ ഡൽഹി സർക്കാർ നീട്ടി നൽകി. വ്യാഴാഴ്ച രാവിലെയാണ് സർക്കാർ ഉത്തരവിറക്കിയത്.
ചിത്രത്തിന് കടപ്പാട്- ഇന്ത്യന്‍ എക്സ്പ്രസ്
Summary: Athletes forced to finish their practice by 7pm daily for the last few days at Thyagraj Stadium in Delhi, which is also emptied out. So that a senior bureaucrat can go for a walk with his dog.