India
മക്കളെപ്പോലും തിരിച്ചറിയാനാകുന്നില്ല; ഗുരുതരാവസ്ഥയിലും അതീഖിനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റി
India

'മക്കളെപ്പോലും തിരിച്ചറിയാനാകുന്നില്ല'; ഗുരുതരാവസ്ഥയിലും അതീഖിനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റി

Web Desk
|
6 Sep 2022 6:43 AM GMT

ഹാത്രസിലേക്കുള്ള വഴിയിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പമാണ് അതീഖുറഹ്മാൻ അറസ്റ്റിലാകുന്നത്

ലഖ്‌നൗ: ഹാത്രസ് കേസിൽ തടവിൽ കഴിയവെ ആരോഗ്യനില മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അതീഖുറഹ്മാനെ വീണ്ടും ജയിലിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും ചികിത്സ നൽകാതെ തിരിച്ച് ജയിലിലേക്ക് മാറ്റിയിരിക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.

ഇയോർട്ടിക് റിഗർജിറ്റേഷൻ എന്ന ഹൃദയസംബന്ധമായ അസുഖമാണ് അതീഖിനുള്ളത്. ശരീരത്തിന്റെ ഒരുഭാഗം പൂർണ്ണമായും തളർന്നിരിക്കുകയാണ്. വലതു കൈയും കാലും അനങ്ങുന്നില്ല. മക്കളെപ്പോലും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് കുടുംബം പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷവും ആരോഗ്യനില മോശമായി തുടരുകയാണ്.

ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥയെ തുടർന്ന് 2007 മുതൽ ഡൽഹി എയിംസിൽ അതീഖ് ചികിത്സ തേടുന്നുണ്ട്. മാസങ്ങൾക്കുമുൻപ് അതീഖ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ, ജയിലിൽ തുടർചികിത്സ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവാവിന്റെ ആരോഗ്യനില മോശമായത്.

കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി ഹാത്രസിലേക്ക് തിരിക്കുമ്പോഴാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അതീഖും അറസ്റ്റിലാകുന്നത്. കാംപസ് ഫ്രണ്ട് മുൻ ദേശീയ ട്രഷററായ അതീഖ് യു.പിയിലെ മുസഫർനഗർ സ്വദേശിയാണ്. മീററ്റിലെ ചൗധരി ചരൺ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്. സിദ്ദീഖ് കാപ്പൻ, ജാമിഅ മില്ലിയ്യ പി.ജി വിദ്യാർഥി മസൂദ് അഹമ്മദ്, ടാക്‌സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവർക്കൊപ്പമാണ് അതീഖ് നേരത്തെ അറസ്റ്റിലായത്. മുഹമ്മദ് ആലമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Summary: Former Campus Front national treasurer Atikur Rahman sent back to jail from hospital amidst his health is getting deteriorated

Similar Posts