അതീഖ് അഹമ്മദിന്റെ ഭാര്യയെ 'മാഫിയ'യായി പ്രഖ്യാപിച്ച് പൊലീസ്; തെരച്ചില്‍ ഊര്‍ജിതം
|സാബിർ എന്ന ഷൂട്ടറുമായി ഇവർക്ക് ബന്ധമുണ്ടെന്നും എഫ്.ഐ.ആറിലുണ്ട്
ന്യൂഡൽഹി: കൊല്ലപ്പെട്ട ഗുണ്ടാ-രാഷ്ട്രീയ നേതാവ് അതീഖ് അഹമ്മദിന്റെ ഭാര്യ ഷായിസ്ത പർവീണിനെ 'മാഫിയ'യായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് പൊലീസിന്റെ എഫ്.ഐ.ആർ. സാബിർ എന്ന ഷൂട്ടറുമായി ഇവർക്ക് ബന്ധമുണ്ടെന്നും എഫ്.ഐ.ആറിലുണ്ട്.
ഉമേഷ് പാൽ വധക്കേസിലെ പ്രതികളിലൊരാളാണ് സാബിർ. ഇയാൾക്ക് അഞ്ച് ലക്ഷം രൂപ പൊലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. അതീഖ് അഹമ്മദിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്.മകന്റെ സുഹൃത്തായ അതീൻ സഫറിന്റെ വീട്ടിലായിരുന്നു ഷൈസ്തയും സാബിറും താമസിച്ചിരുന്നത്. സുഹൃത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഷായിസ്തയും ഈ വീട്ടിൽ താമസിച്ചിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചത്.
കഴിഞ്ഞ മാസം ആദ്യം ഷായിസ്ത പ്രവീൺ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിന്‍റെ നിരവധി വീഡിയോകളും ഫോട്ടോകളും പുറത്തുവന്നിരുന്നു. എന്നാൽ ചിത്രങ്ങളും വീഡിയോകളും എവിടെ നിന്ന് എടുത്തതാണെന്ന് വ്യക്തമായിട്ടില്ല. ഈ തെളിവുകൾ വെച്ചാണ് ഇപ്പോൾ ഷായിസ്ത പർവീണിനെ പൊലീസ് തിരയുന്നത്.
ബി.എസ്.പി എം.എൽ.എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി ഉമേഷ് പാലിനെ വെടിവെച്ചുകൊന്ന കേസിലാണ് അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും അറസ്റ്റിലായത്. ഏപ്രിൽ 15 ന് പ്രയാഗ് രാജിൽ വൈദ്യപരിശോധനക്കെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മൂന്ന് പേർ ഇരുവരെയും വെടിവെച്ച് കൊന്നത്.