ഇനി ലക്ഷ്യം അതീഖ് അഹ്‌മദിന്റെ ഭാര്യ ഷായിസ്ത പർവീൺ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
|ഉമേഷ് പാൽ വധക്കേസിൽ ഷായിസ്ത പ്രതിയാണ് എന്നാണ് പൊലീസ് പറയുന്നത്.
ലഖ്‌നൗ: കൊല്ലപ്പെട്ട അതീഖ് അഹ്‌മദിന്റെ ഭാര്യ ഷായിസ്ത പർവീണിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് യുപി പൊലീസ്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് അമ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പൊലീസ് തെരയുന്ന ക്രിമിനലുകളുടെ പട്ടികയിൽ ഷായിസ്തയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉമേഷ് പാൽ വധക്കേസിൽ ഷായിസ്തയും പ്രതിയാണ് എന്നാണ് പൊലീസ് പറയുന്നത്. അതീഖിന്റെ കുടുംബത്തിൽ ഷായിസ്ത മാത്രമാണ് ഇപ്പോൾ ജയിലിന് വെളിയിലുള്ളത്. അതീഖിന്റെ നാലു മക്കളും നിലവിൽ ജയിലിലാണ്. ഒരു മകൻ അസദ് മുഹമ്മദിനെ പൊലീസ് ഈയിടെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. അസദിന്റെ അന്ത്യചടങ്ങുകളിൽ ഷായിസ്ത പങ്കെടുത്തിരുന്നില്ല. അതീഖ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭാര്യയ്ക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയത്.
ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ട കേസിലെ സാക്ഷിയായ ഉമേഷ് പാൽ സിങ് ഫെബ്രുവരി 24നാണ് പ്രയാഗ് രാജിൽ വച്ച് വെടിയേറ്റു മരിച്ചത്.
ഷായിസ്തയ്‌ക്കെതിരെ കൊലപാതക, വഞ്ചന അടക്കം നാല് കേസുകൾ നിലവിലുണ്ട് എന്നാണ് പൊലീസ് പറയുന്നത്. 1996ലാണ് ഷായിസ്തയെ അതീഖ് വിവാഹം ചെയതത്. പൊലീസ് കോൺസ്റ്റ്ബിൾ ആണ് ഇവരുടെ പിതാവ്. അസദുദ്ദീൻ ഉവൈസിയുടെ എഐംഐഎമ്മുമായും മായാവതിയുടെ ബിഎസ്പിയുമായും ഇവർക്ക് രാഷ്ട്രീയബന്ധമുണ്ട്.
അസദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകമാണ് അതീഖും സഹോദരൻ അഷ്‌റഫും പൊലീസ് കസ്റ്റഡിയിൽ വച്ചു വെടിയേറ്റു മരിച്ചത്. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ ചിലർ ഇവർക്കു നേരെ നിറയൊഴിക്കുകയായിരുന്നു.