India
പദവിയിലെത്തുന്ന ആദ്യ വനിത; ഡൽഹിയിൽ അതിഷി പ്രതിപക്ഷ നേതാവാകും
India

പദവിയിലെത്തുന്ന ആദ്യ വനിത; ഡൽഹിയിൽ അതിഷി പ്രതിപക്ഷ നേതാവാകും

Web Desk
|
23 Feb 2025 9:29 AM GMT

ഡൽഹിയുടെ ചരിത്രത്തിലാദ്യമായാണ് ഒരേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകൾ ആകുന്നത്

ന്യൂ ഡൽഹി: മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷിയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഡൽഹി നിയമസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവാണ് അതിഷി. ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് എംഎൽഎമാർ ഏകകണ്ഠമായി അതിഷിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. യോഗത്തിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും 22 പാർട്ടി എംഎൽഎമാരും പങ്കെടുത്തു.

സഞ്ജീവ് ഝാ എംഎൽഎയാണ് അതിഷിയുടെ പേര് യോഗത്തിൽ നിർദേശിച്ചത്. ഡൽഹിയുടെ ചരിത്രത്തിലാദ്യമായാണ് ഒരേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകൾ ആകുന്നത്. ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും.

"എന്നിൽ വിശ്വാസമർപ്പിച്ചതിന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും നിയമസഭാ പാർട്ടിക്കും നന്ദി. ശക്തമായ പ്രതിപക്ഷം ജനങ്ങളുടെ ശബ്ദം ഉയർത്തുന്നു. ബിജെപി നൽകിയ എല്ലാ വാഗ്ദാനങ്ങളും ആം ആദ്മി പാർട്ടി നിറവേറ്റും," അതിഷി പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ, സൗരഭ് ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള എഎപിയുടെ മുൻനിര നേതാക്കളെല്ലാം പരാജയപ്പെട്ടിരുന്നു.

ദക്ഷിണ ഡൽഹിയിലെ കൽക്കാജി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി മുമ്പ് 2024 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്നു. ഡൽഹി മദ്യനയ കേസിൽ അഞ്ച് മാസത്തിന് ശേഷം ജയിൽ മോചിതനായ കെജ്‌രിവാൾ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ആയിരുന്നു 43 കാരിയായ അതിഷി ഡൽഹി മുഖ്യമന്ത്രിയായത്. ബിജെപിയുടെ രമേശ് ബിധൂരിക്കെതിരെ മത്സരിച്ചാണ് അതിഷി തന്റെ സീറ്റ് നിലനിർത്തിയത്.

Similar Posts