ഡല്‍ഹിയെ ഇനി അതിഷി നയിക്കും; കെജ്‍രിവാളിനു പകരം പുതിയ മുഖ്യമന്ത്രി
|ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ പകരക്കാരിയാകാൻ അതിഷി മർലേന. കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിലവിൽ മന്ത്രി കൂടിയായ അതിഷിയെ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ഇന്നു ചേർന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണു തീരുമാനം. ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി.
സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദ, ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സുനിത കെജ്‌രിവാൾ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നത്. ഒടുവിൽ ഇന്നു ചേർന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ അതിഷിയുടെ പേര് കെജ്‌രിവാൾ നിർദേശിക്കുകയായിരുന്നു. വൈകീട്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയെ കണ്ട് കെജ്‌രിവാൾ രാജി സമർപ്പിക്കും. ഇതിനു പിന്നാലെ 4.30യോടെ അതിഷി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണു വിവരം.
നിലവിൽ കെജ്‌രിവാൾ സർക്കാരിൽ ഏറ്റവും സുപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. ധനം, വിദ്യാഭ്യാസം, റവന്യു, നിയമ വകുപ്പുകളെല്ലാം അവർക്കു കീഴിലാളുള്ളത്. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. കെജ്‌രിവാൾ കൂടി അറസ്റ്റിലായതോടെ ഡൽഹി ഭരണം നയിച്ചത് അവരായിരുന്നു.
Summary: Atishi Marlena to be next Delhi Chief Minister, Arvind Kejriwal proposed her name