കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ട് അതിഷി ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു
|ശ്രീരാമൻ വനവാസത്തിന് പോയപ്പോൾ ഭരതൻ അയോധ്യ ഭരിച്ചതുപോലെയാണ് താൻ സ്ഥാനമേൽക്കുന്നത്. നാല് മാസത്തിന് ശേഷം കെജ്‌രിവാൾ തിരിച്ചുവരുമ്പോൾ മുഖ്യമന്ത്രി സ്ഥാനം തിരികെ നൽകുമെന്നും അതിഷി പറഞ്ഞു.
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ തിരിച്ചുവരവിനായി കസേര ഒഴിച്ചിട്ട് അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റു. കെജ്‌രിവാൾ ഇരുന്ന കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. ഇന്ന് രാവിലെയാണ് അതിഷി ഓഫീസിലെത്തി അധികാരമേറ്റത്.
കെജ്‌രിവാൾ മടങ്ങിവരുന്നത് വരെ കസേര ഒഴിഞ്ഞു കിടക്കുമെന്ന് അതിഷി പറഞ്ഞു. കെജ്‌രിവാളിനെ ശ്രീരാമനുമായി താരതമ്യം ചെയ്താണ് അതിഷി സംസാരിച്ചത്. ശ്രീരാമൻ വനവാസത്തിന് പോയപ്പോൾ ഭരതൻ അയോധ്യ ഭരിച്ചതുപോലെയാണ് താൻ സ്ഥാനമേൽക്കുന്നത്. നാല് മാസത്തിന് ശേഷം കെജ്‌രിവാൾ തിരിച്ചുവരുമ്പോൾ മുഖ്യമന്ത്രി സ്ഥാനം തിരികെ നൽകുമെന്നും അവർ പറഞ്ഞു.
ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. വിദ്യാഭ്യാസം, റവന്യൂ, ധനകാര്യം, ഊർജം, പൊതുമരാമത്ത് അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി പദവിയൊഴിഞ്ഞ് പാർട്ടിയെ തെരഞ്ഞെടുപ്പിന് ഒരുക്കാനാണ് കെജ്‌രിവാൾ ഉദ്ദേശിക്കുന്നത്.