'ഇങ്ങനെയാണോ ഹോളി ആഘോഷിക്കേണ്ടത്? അപമാനം തന്നെ'; മുസ്‌ലിം സ്ത്രീക്കെതിരായ ആക്രമണത്തിൽ ജസ്റ്റിസ് കട്‍ജു
|ഡൽഹിയിലെ പഹാഡ്‍ഗഞ്ചില്‍ ജാപ്പനീസ് യുവതിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ന്യൂഡൽഹി: ഹോളി ദിനത്തിലെ മുസ്‌ലിം സ്ത്രീകൾക്കെതിരെ അടക്കം നടന്ന വിദ്വേഷ ആക്രമണങ്ങളിലും ലൈംഗികാതിക്രമങ്ങളും പ്രതികരിച്ച് മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഇത് എല്ലാവർക്കും അപമാനമാണെന്ന് ജസ്റ്റിസ് കട്ജു പറഞ്ഞു. ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ ലൈംഗികമായി കടന്നുപിടിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
'ഇങ്ങനെയാണോ ഹോളി ആഘോഷിക്കേണ്ടത്? ഇത്തരം സംഭവങ്ങള്‍ നമുക്കെല്ലാം അപമാനമാണ്.'-ഹോളി ആഘോഷത്തിനിടെ ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ പങ്കുവച്ച് ജസ്റ്റിസ് കട്ജു ട്വീറ്റ് ചെയ്തു.
റോഡിലൂടെ നടന്നുപോകുന്ന മുസ്‌ലിം സ്ത്രീക്കുനേരെയാണ് കുട്ടികൾ വിവിധ നിറങ്ങൾ നിറച്ച വാട്ടർ ബലൂണുകൾ എറിയുന്നത്. പാതയോരത്ത് ഒന്നിച്ചുകൂടിയാണ് കുട്ടികൾ സ്ത്രീയെ വേട്ടയാടുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് സംഭവത്തിനു പിന്നിലെന്ന് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, മുതിർന്നവർ ആരും ഇവരെ തടയാൻ ശ്രമിക്കുന്നു പോലുമില്ല.
ഹോളി ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം സ്ത്രീകളെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റിക്ഷാ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ഹിജാബ് ധരിച്ച സ്ത്രീയെ കുട്ടികളടങ്ങുന്ന സംഘം ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിവസങ്ങൾക്കുമുൻപാണ് പുറത്തുവന്നത്. സ്ത്രീകളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു ആക്രമണം.
അതേസമയം, ഡൽഹിയിലെ പഹാഡ്ഗഞ്ചിൽ ജാപ്പനീസ് യുവതിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തിൽ വനിതാ കമ്മിഷന്റെ ഇടപെടലിനു പിന്നാലെ പൊലീസ് നടപടിയുണ്ടായി. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്നുപേരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പഹാഡ്ഗഞ്ച് സ്വദേശികളാണ് എല്ലാവരും.
Summary: 'Such incidents have disgraced us all'; Former Supreme Court judge Markandey Katju criticizes attack against Muslim women during Holi celebrations