അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം: വാഹനങ്ങൾ അടിച്ചുതകർത്തു
|തോൽവി ഭയന്ന് ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ്
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ ആക്രമണം. ഓഫീസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അക്രമികൾ അടിച്ചുതകർത്തു. ഞായറാഴ്ച രാത്രിയോടെയാണ് അക്രമം നടന്നത്. സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അക്രമം അറിഞ്ഞതിന് പിന്നാലെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് ഓഫീലേക്ക് എത്തിയത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗലും പാർട്ടി ഓഫീസിലെത്തി. സിഒ സിറ്റി മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പൊലീസ് സേനയും സ്ഥലത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചു.
അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അക്രമത്തെക്കുറിച്ച് കോണ്‍ഗ്രസ് എക്സില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
''യുപിയിലെ അമേഠിയിൽ സ്മൃതി ഇറാനിയും ബിജെപി പ്രവർത്തകരും കടുത്ത ഭീതിയിലാണ്. തോൽവിയിൽ നിരാശരായ ബിജെപി ഗുണ്ടകൾ വടിയും ആയുധങ്ങളുമായി അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് എത്തുകയും അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർക്കുകയും ചെയ്തു.
അമേഠിയിൽ കോൺഗ്രസ് പ്രവർത്തകർക്കും നാട്ടുകാര്‍ക്കുമെതിരെ മാരകമായ ആക്രമണമാണ് ഉണ്ടായത്. ഈ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ നാട്ടുകാരുടെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവം നടന്നപ്പോൾ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അമേഠിയിൽ ബി.ജെ.പി കനത്ത തോൽവി ഏറ്റുവാങ്ങുമെന്നതിൻ്റെ തെളിവാണ് ഈ സംഭവം''
രാഹുല്‍ ഗാന്ധിക്ക് പകരം ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള കിഷോരി ലാൽ ശർമയാണ് (കെ.എൽ ശർമ) അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധി ഇക്കുറി റായ്ബറേലിയെയാണ് തന്റെ രണ്ടാം മണ്ഡലമായി തെരഞ്ഞെടുത്തത്. 2004 മുതൽ സോണിയാ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് റായ‍്‍ബറേലി. അവിടേക്കാണ് രാഹുലിൻെറ വരവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ പരാജയപ്പെട്ടിരുന്നു.