25 പേരടങ്ങിയ സംഘം വളഞ്ഞിട്ട് ആക്രമിച്ച് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു: കശ്മീരി വ്യാപാരികള്‍
|ആക്രമണത്തിന് പിന്നിൽ ഏതെങ്കിലും സംഘടനയാണോ എന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുകയാണെന്ന് റാഞ്ചി പൊലീസ് സൂപ്രണ്ട്
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വച്ച് ഒരു സംഘം തങ്ങളെ ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന് കശ്മീരി വ്യാപാരികള്‍. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുന്‍പും പ്രദേശത്ത് സമാനമായ അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നിൽ ഏതെങ്കിലും സംഘടനയാണോ എന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുകയാണെന്ന് റാഞ്ചി പൊലീസ് സൂപ്രണ്ട് സുരേന്ദ്ര ഝാ പറഞ്ഞു. എന്തുകൊണ്ടാണ് നഗരത്തിൽ കശ്മീരികൾക്കെതിരെ സമാനമായ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ നിന്നെത്തി ജാർഖണ്ഡിലെ ഡോറണ്ടയിൽ താമസിക്കുന്ന 34കാരനായ അഹമ്മദ് വാനിയാണ് പരാതി നല്‍കിയത്. ശൈത്യകാല വസ്ത്രങ്ങൾ വില്‍ക്കുന്ന വ്യാപാരിയാണ് വാനി. റാഞ്ചിയിലെ ഹർമു മേഖലയിലേക്ക് പോകുകയായിരുന്ന തന്നെയും കശ്മീരികളായ രണ്ട് സുഹൃത്തുക്കളെയും 25 ഓളം പേരടങ്ങുന്ന സംഘം വളഞ്ഞു മര്‍ദിച്ചെന്നാണ് അഹമ്മദ് വാനിയുടെ പരാതി. 'ജയ് ശ്രീറാം', 'പാകിസ്താൻ മുർദാബാദ്' എന്നിങ്ങനെ ഉച്ചത്തില്‍ പറയാനും ആവശ്യപ്പെട്ടു.
"അക്രമികള്‍ വടികൊണ്ട് എന്‍റെ തലയ്ക്കടിച്ചു. ഞാന്‍ ധരിച്ചിരുന്ന ഹെൽമെറ്റ് പല കഷ്ണങ്ങളായി. സുഹൃത്തുക്കൾക്കും പരിക്കേറ്റു. എന്‍റെ ബൈക്ക് അക്രമികള്‍ അടിച്ചുതകര്‍ത്തു. അവര്‍ ഞങ്ങളെ കൊള്ളയടിക്കുകയും ചെയ്തു"- അഹമ്മദ് വാനി പറഞ്ഞു.
ഈ മാസം ഇതു രണ്ടാമത്തെ സംഭവമാണ്. കുറ്റവാളികൾക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും അഹമ്മദ് വാനി പറഞ്ഞു. നവംബർ 11നാണ് ഡോറണ്ടയില്‍ ഇതിന് മുന്‍പ് സമാന സംഭവമുണ്ടായത്. രണ്ട് കശ്മീരി വ്യാപാരികളെയാണ് ബലംപ്രയോഗിച്ച് "ജയ് ശ്രീറാം", "പാകിസ്ഥാൻ മുർദാബാദ്" എന്നീ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചത്.