India
എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമം; തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്റെ നോട്ടീസ്
India

എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമം; തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്റെ നോട്ടീസ്

Web Desk
|
16 Nov 2022 3:44 PM GMT

തുഷാർ വെള്ളാപ്പള്ളി എം.എൽ.എമാർക്ക് പണം നൽകിയെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രി തന്നെ ഉന്നയിച്ച ആരോപണമായതിനാൽ വിഷയത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷസംഘം കാണുന്നത്.

ഹൈദരാബാദ്: എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്. തെലങ്കാന പൊലീസ് കാണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് നോട്ടീസ് നൽകിയത്. ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയ തെലങ്കാന പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു.

തുഷാർ വെള്ളാപ്പള്ളി എം.എൽ.എമാർക്ക് പണം നൽകിയെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രി തന്നെ ഉന്നയിച്ച ആരോപണമായതിനാൽ വിഷയത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷസംഘം കാണുന്നത്. തുഷാർ വെള്ളാപ്പള്ളി കേസിൽ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി തന്നെ അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേസിലെ മുഖ്യപ്രതി സതീഷ് ശർമ്മയെന്ന രാമചന്ദ്രഭാരതിയാണ്. ഇയാൾ കാസർഗോഡുകാരനായ മലയാളിയാണ്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാൾ ഡൽഹിയും ഉത്തർപ്രദേശും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജഗ്ഗുസ്വാമി എന്നയാൾ രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ്. ഇയാളെ അന്വേഷിച്ചാണ് തെലങ്കാന പോലീസിന്റെ അന്വേഷണസംഘം കേരളത്തിലെത്തിയത്. എന്നാൽ, പ്രത്യേക അന്വേഷണസംഘം കേരളത്തിൽ എത്തിയതിന് പിന്നാലെ ജഗ്ഗുസ്വാമി ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനാണ് കൊല്ലത്തും കൊച്ചിയിലും പരിശോധന നടത്തിയത്. ജഗ്ഗുസ്വാമിയുമായി പരിചയമുള്ളവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

Similar Posts