റമദാനിലെ അവസാന വെള്ളിയാഴ്ച ജമ്മു കശ്മീരിൽ ജുമുഅ നമസ്‌കാരം തടഞ്ഞ് അധികൃതര്‍
|മസ്ജിദ് ഭാരവാഹികൾ എതിർപ്പറിയിച്ചെങ്കിലും അധികൃതർ ഗേറ്റ് അടച്ചിടാൻ ആവശ്യപ്പെടുകയായിരുന്നു
ശ്രീനഗർ: റമദാനിലെ അവസാന വെള്ളിയാഴ്ചയാകാനിടയുള്ള ഇന്ന് ജമ്മു കശ്മീരിൽ ജുമുഅ നമസ്‌കാരം തടഞ്ഞ് ജില്ലാ ഭരണകൂടം. ശ്രീനഗറിലെ നൗഹാട്ടയിലുള്ള ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദിലാണ് ജുമുഅയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരുമാണ് ഉത്തരവിട്ടത്. മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നു രാവിലെയാണ് ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും ജാമിഅ മസ്ജിദിലെത്തിയത്. തുടർന്ന് പള്ളിയുടെ ഗേറ്റുകൾ അടച്ചിടാൻ ആവശ്യപ്പെടുകയായിരുന്നു. പള്ളിയിൽ ജുമുഅത്തുൽ വിദാ(വിടവാങ്ങൽ ജുമുഅ) എന്ന പേരിൽ അറിയപ്പെടുന്ന റമദാനിലെ അവസാന ജുമുഅ നമസ്‌കാരം നടത്താതിരിക്കാൻ ഭരണകൂടത്തിന്റെ തീരുമാനമുണ്ടെന്നും ഇവർ അറിയിച്ചു.
തീരുമാനത്തിൽ മസ്ജിദ് ഭാരവാഹികൾ ശക്തമായി എതിർപ്പറിയിച്ചു. റമദാനിലെ അവസാന വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു പേരാണ് ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ ജുമുഅയിൽ സംബന്ധിക്കാൻ എത്താറുള്ളത്. ഇവരെയെല്ലാം നിരാശപ്പെടുത്തുന്നതാണ് നീക്കമെന്ന് ഭാരവാഹികൾ അധികൃതരെ അറിയിച്ചു.
എന്നാൽ, നീക്കത്തിൽനിന്ന് പിന്മാറാൻ അധികൃതർ തയാറായില്ല. തുടർന്ന് ഇന്ന് പള്ളിയിൽ ജുമുഅ നമസ്‌കാരം തടസപ്പെട്ടു. കഴിഞ്ഞ മാസം മുസ്‌ലിം വിശേഷദിനമായ ബറാഅത്ത് രാവിൽ പള്ളിയിൽ നടക്കാറുള്ള പ്രത്യേക സംഗമവും അധികൃതർ തടഞ്ഞിരുന്നു.
Summary: Ramadan's last Friday prayers disallowed in Kashmir's Jamia Masjid in the Nowhatta area of Srinagar city