'പൈലറ്റിനും യാത്രക്കാർക്കും ഭീഷണിയാകും'; ഓട്ടിസം ബാധിതനായ 15 കാരന് വിമാനയാത്ര നിഷേധിച്ചു, പരാതിയുമായി കുടുംബം
|മാലിദ്വീപിലേക്ക് യാത്ര പോകാനായിരുന്നു മാതാപിതാക്കൾക്കും സഹോദരനുമൊപ്പം കുട്ടി ബംഗളൂരു എയർപോർട്ടിൽ എത്തിയത്
ബംഗളൂരു: ഓട്ടിസം ബാധിച്ച 15 കാരന് ബംഗളൂരു വിമാനത്താവളത്തിൽ യാത്ര നിഷേധിച്ചതായി പരാതി. ശ്രീലങ്കൻ എയർലൈൻസാണ് യാത്ര നിഷേധിച്ചത്. പൈലറ്റിനും മറ്റ് യാത്രക്കാർക്കും ഈ കുട്ടി ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഗ്രൗണ്ട് സ്റ്റാഫ് തടഞ്ഞതെന്നാണ് കുടുംബത്തിന്റെ പരാതി.
മാലിദ്വീപിലേക്ക് യാത്ര പോകാനായിരുന്നു മാതാപിതാക്കൾക്കും സഹോദരനുമൊപ്പം കുട്ടി ബംഗളൂരു എയർപോർട്ടിൽ എത്തിയത്. മെയ് 16ന് വൈകിട്ടാണ് സംഭവം. ശ്രീലങ്കൻ എയർലൈൻസിന്റെ യു.എൽ.174 വിമാനത്തിലായിരുന്നു ഇവർ യാത്ര ചെയ്യേണ്ടത്. പുലർച്ചെ 12.30 ഓടെ കുടുംബം ലഗേജ് ചെക്ക്-ഇൻ ചെയ്യാൻ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയായിരുന്നു ശ്രീലങ്കൻ എയർലൈൻസ്ഗ്രൗണ്ട് സ്റ്റാഫുകൾ കുട്ടിയെ തടഞ്ഞത്. വിമാനത്തിൽ യാത്ര ചെയ്യിക്കാനാവില്ലെന്ന ജീവനക്കാരുടെ വാക്കുകൾ കേട്ട് മകൻ വല്ലാതെ ഭയന്നെന്നും അമ്മ പറയുന്നു.
ഓട്ടിസം ബാധിച്ച യാത്രക്കാരനോട് ജീവനക്കാർ സ്വീകരിച്ച നിലപാട് തന്നെ ഞെട്ടിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ' അവനെ ചികിത്സിക്കാൻ ഒരു ഡോക്ടറുടെ ആവശ്യമില്ലെന്നും അവരോട് വിശദീകരിക്കേണ്ടി വന്നു. അവൻ ആദ്യമായല്ല വിമാനത്തിൽ യാത്രചെയ്യുന്നത്. അവസാനമായി യാത്ര ചെയ്തത് ദുബൈയിലേക്കാണ്. അന്നൊന്നും ആരും അവനെ ഇത്തരത്തിൽ മാറ്റിനിർത്തിയിട്ടില്ല..' സ്പെഷ്യൽ എഡ്യൂക്കേറ്ററും സൈക്കോളജിസ്റ്റുമായ കുട്ടിയുടെ അമ്മ പറയുന്നു.
മകൻ ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു. വൻ അസ്വസ്ഥനാകാതിരിക്കാൻ ഞങ്ങൾ വളരെ ശാന്തമായിട്ടാണ് ഇടപെട്ടതെന്നും അവർ പറയുന്നു. യാത്ര റദ്ദാക്കാൻ അവര് ഒരുക്കമല്ലായിരുന്നു. വിമാനത്താവളത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം പോരാടി. ഒടുവിൽ ബെഗളൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥർ ഇടപെട്ടു. ഈ കുട്ടിയുമായി യാത്രചെയ്യുന്ന കാര്യം കുടുംബം അറിയിച്ചിരുന്നെന്നും ഇത് എയർലൈനിന്റെ ഓഫീസുമായി കൃത്യമായി പങ്കുവെച്ചതായും അവർ എയർലൈൻ ജീവനക്കാരെ അറിയിച്ചു. ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് വിമാനത്തിൽ കയറാനുള്ള അനുമതി കിട്ടിയത്.