India
Avoid Non-Essential Travel Indias Advisory Amid Iran-Israel Conflict
India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണം; പൗരന്മാരോട് ഇന്ത്യ

Web Desk
|
2 Oct 2024 9:41 AM GMT

ഇസ്രായേലിലെ ഇന്ത്യൻ എംബസി കഴിഞ്ഞദിവസം രാജ്യത്തെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: ഇസ്രായേലിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യ കൂടുതൽ സംഘർഷ സാധ്യതയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ പൗരന്മാർക്ക് ജാ​ഗ്രതാ നിർദേശവുമായി ഇന്ത്യ. ഇറാനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം എന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം. നിലവിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

'മേഖലയിലെ നിലവിലെ സാഹചര്യം ഞങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ പൗരന്മാരോട് ഇറാനിലേക്കുള്ള എല്ലാ അനിവാര്യമല്ലാത്ത യാത്രകളും ഒഴിവാക്കാൻ നിർദേശിക്കുന്നു. നിലവിൽ ഇറാനിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും തെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താനും അഭ്യർഥിക്കുന്നു'- മന്ത്രാലയം പുറത്തിറക്കി വക്താവ് രൺധീർ ജയ്‌സ്വാൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഇസ്രായേലിലെ ഇന്ത്യൻ എംബസി കഴിഞ്ഞദിവസം രാജ്യത്തെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷാ ഷെൽറ്ററുകൾക്ക് സമീപം തുടരാനും ആവശ്യപ്പെട്ടിരുന്നു. സഹായം വേണമെങ്കിൽ അടിയന്തരമായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇന്ത്യ പൗരന്മാരോട് നിർദേശിച്ചു. വിവിധ ഭാഷകളിൽ ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയിട്ടുണ്ട്.

ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ലയുടെയും ഹമാസ്​ നേതാവ്​ ഇസ്മാഈൽ ഹനിയ്യയുടേയുമടക്കം വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇതിനു പിന്നാലെ പ്രതികരണവുമായി രം​ഗത്തെത്തിയ ഇന്ത്യ, സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷം വലുതാവാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, മേഖലയിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മേഖലയിലെ സംഘർഷം പരിഹരിക്കണം. ഇതിനായി മധ്യസ്ഥശ്രമങ്ങൾക്കും പരസ്പരം സന്ദേശങ്ങൾ കൈമാറാൻ തയാറാണെന്നും സംഘർഷത്തിനു പിന്നാലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും എസ്. ജയശങ്കർ പറഞ്ഞിരുന്നു. രണ്ട് രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടവയാണ്. സംഘർഷം വ്യാപിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

അതേസമയം, യൂറോപ്പിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ഡൽഹിയിൽനിന്നുൾപ്പെടെ സർവീസ് നടത്തുന്ന വിമാനങ്ങൾ ഭൂരിഭാഗവും ഇറാന്റെ എയർ സ്‌പേസ് ആണ് ഉപയോഗിച്ചുവരുന്നത്. സംഘർഷം വ്യാപിച്ചാൽ അത് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കും. അതിനാൽ സാഹചര്യങ്ങൾ കാര്യങ്ങൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. ഇന്നലെ ജർമനിയിൽനിന്നു പുറപ്പെട്ട ലുഫ്താൻസയുടെ രണ്ട് വിമാനങ്ങൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുകയും തിരികെ പോവുകയും ചെയ്തിരുന്നു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികളും നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് ഇറാൻ ഇസ്രായേലിനു നേരെ വ്യാപക മിസൈൽ ആക്രമണം നടത്തിയത്. ‘ട്രൂ ​പ്രോമിസ് 2’ എന്ന പേരിലാണ് ഇറാൻ സൈനിക വിഭാഗമായ ഐആർജിഎസ് ആക്രമണം നടത്തിയത്. ഇ​സ്രായേലിനെതിരായ ഏറ്റവും വലിയ സൈനിക ആക്രമണമാണ് ചൊവ്വാഴ്ച നടന്നത്. 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാന്റെ ബാലിസ്റ്റിക്​ മിസൈലുകളുടെ തീമഴയിൽ ​തെൽ അവീവ്​ ഉൾപ്പെടെ മുഴുവൻ ഇസ്രായേൽ നഗരങ്ങളും അക്ഷരാർഥത്തിൽ നടുങ്ങിയ രാവാണ്​ കടന്നുപോയത്​. രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങി.

തെൽ അവീവിലടക്കം മിസൈലുകൾ പതിച്ചു. ജനങ്ങളോട് പൂർണമായും സുരക്ഷിത ബങ്കറുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മന്ത്രിമാരടക്കം മണിക്കൂറുകളാണ് ബങ്കറുകളിൽ കഴിഞ്ഞുകൂടിയത്. ബെൻ ഗുരിയോൺ ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളുടേയും പ്രവർത്തനം നിർത്തി. വ്യോമാതിർത്തി പൂർണമായും അടച്ചിട്ടു. റെയിൽ ഗതാഗതവും നിർത്തി.

ലബനാനിനും ഗസ്സയ്ക്കും നേരെയുള്ള ആക്രമണത്തിനും ഹിസ്ബുല്ലയുടെയും ഹമാസിന്റേയും നേതാക്കളെ കൊലപ്പെടുത്തിയതിനുമുള്ള തിരിച്ചടിയായിട്ടാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ ഇനിയെന്ത്​ എന്ന വിഭ്രാന്തിയിലാണ്​ നെതന്യാഹുവും സൈനിക നേതൃത്വവും. മിസൈലുകൾ പലതും ലക്ഷ്യം കണ്ടതായി ഇറാ​ൻ അവകാശ​പ്പെട്ടു. പ്രതികാരത്തിനു തുനിഞ്ഞാൽ ഇസ്രാായേലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമാണെന്നും​ ഇറാൻ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി​യിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാൻ നഗരങ്ങളിൽ ആഘോഷ പ്രകടനങ്ങളും അരങ്ങേറി.



Similar Posts