India
Avoid Patriarchal Remarks in Judgement says Supreme Court
India

കോടതി വിധികളില്‍ പുരുഷാധിപത്യ പരാമര്‍ശങ്ങള്‍ വേണ്ട: സുപ്രിംകോടതി

Web Desk
|
23 March 2023 9:58 AM GMT

ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം

ഡല്‍ഹി: കോടതി വിധികളില്‍ പുരുഷാധിപത്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രികോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ആണ്‍കുട്ടിയുടെ കൊലപാതകം കുടുംബത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കുമെന്ന കോടതിയുടെ പരാമര്‍ശമാണ്, കോടതി വിധികളില്‍ പുരുഷാധിപത്യ പരാമര്‍ശം ഒഴിവാക്കണമെന്ന നിര്‍ദേശത്തിന് ആധാരം- "ഏക ആൺകുഞ്ഞിനെ കൊല്ലുന്നത്, മാതാപിതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നു. കുടുംബ പരമ്പര മുന്നോട്ട് കൊണ്ടുപോകുമായിരുന്ന, വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുമായിരുന്ന ആണ്‍കുഞ്ഞിനെ നഷ്ടമായത് അത്യന്തം വേദനാജനകമാണ്" എന്നാണ് വധശിക്ഷ നേരത്തെ ശരിവെച്ച സുപ്രിംകോടതിയുടെ ബെഞ്ച് നിരീക്ഷിച്ചത്.

ഒരു കുഞ്ഞിനെ കൊലപ്പെടുത്തി എന്നത് ഭയാനകമായ സാഹചര്യമാണെന്നും കുട്ടി ഏത് ലിംഗത്തില്‍പ്പെട്ടതാണ് എന്നതല്ല വിഷയമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി- "അത്തരമൊരു സാഹചര്യത്തിൽ കുഞ്ഞ് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്നത് ഭരണഘടനാ കോടതിക്ക് പ്രശ്നമല്ല. കുഞ്ഞ് ആണായാലും പെണ്ണായാലും കൊലപാതകം ഭയാനകമാണ്. ആൺകുഞ്ഞിന് മാത്രമേ കുടുംബ പരമ്പര തുടരാനാകൂ അല്ലെങ്കിൽ വാർധക്യത്തിൽ മാതാപിതാക്കളെ സഹായിക്കാൻ കഴിയൂ എന്ന സങ്കൽപ്പം കോടതികള്‍ ഉയർത്തിപ്പിടിക്കരുത്. ഇത്തരം പരാമർശങ്ങൾ കോടതികള്‍ ഒഴിവാക്കണം". ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനു പുറമെ ജസ്റ്റിസുമാരായ ഹിമ കോലി, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിര്‍ദേശം.





Summary- The Supreme Court has advised Courts to refrain from making patriarchal remarks in judgments. A bench comprising Chief Justice of India D Y Chandrachud, Justice Hima Kohli and Justice P S Narasimha was deciding a petition seeking to review the death penalty awarded to a convict for the kidnap and murder of a 7-year old boy

Similar Posts