റഷ്യൻ സൈന്യത്തിലുള്ള ഇന്ത്യക്കാരുടെ മോചനം; സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത് വിദേശകാര്യ മന്ത്രി
|റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 91 ഇന്ത്യൻ പൗരന്മാരിൽ എട്ട് പേർ മരിച്ചു
ഡൽഹി: റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത 69 ഇന്ത്യൻ പൗരന്മാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. വെള്ളിയാഴ്ച ലോക്സഭയെയാണ് ഇക്കാര്യം അറിയിച്ചത്. പലർക്കും വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയതെന്ന് സംശയമുണ്ട്.
റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 91 ഇന്ത്യൻ പൗരന്മാരിൽ എട്ട് പേർ മരിച്ചു. 14 പേരെ പലകാരണങ്ങളാൽ തിരിച്ചയച്ചു. അവശേഷിക്കുന്ന 69 പേരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജയശങ്കർ അറിയിച്ചു.
സർക്കാർ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രിയോട് വ്യക്തിപരമായി തന്നെ വിഷയം ഉന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കഴിഞ്ഞ മാസം ഇത് ചർച്ച ചെയ്തിട്ടുണ്ട്.
69 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യവുമായി സ്വമേധയാ സേവന കരാറിൽ ഏർപ്പെട്ടെന്നാണ് റഷ്യയിൽ നിന്ന് ഔദ്യോഗികമായി കിട്ടുന്ന വിവരം. എന്നാൽ ഇതിൽ സംശയങ്ങളുണ്ട്. ജോലിയുടെ സ്വഭാവം തെറ്റിദ്ധരിപ്പിച്ചാകും പലരുമായി കരാറിലേർപ്പെട്ടതെന്ന് ജയശങ്കർ സംശയം പ്രകടിപ്പിച്ചു.