India
Ayesha Rashan  got heart transplant surgery
India

69 കൊല്ലം ഇന്ത്യയിൽ, ഇനി പാകിസ്ഥാനിൽ മിടിക്കും ആ ഹൃദയം

Web Desk
|
25 April 2024 10:26 AM GMT

ചെന്നൈ ആശുപത്രിയിൽ നടന്നത് അപൂർവ ശസ്ത്രക്രിയ

ചെന്നൈ: ഡൽഹി സ്വദേശിനിയായ 69 കാരിയുടെ ഹൃദയം അതിർത്തികൾക്കപ്പുറമുള്ള ആയിഷ റഷാൻ എന്ന പാകിസ്ഥാനി പെൺകുട്ടിയിലൂടെയാകും ഇനി മിടിക്കുക. ചെന്നൈയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഹൃദയം മാറ്റിവെച്ചത്.

പാകിസ്ഥാനിലെ കറാച്ചി സ്വദേശിയാണ് ആയിഷ റഷാനെന്ന പത്തൊമ്പതുകാരി. ചെന്നൈയിലെ എം.ജി.എം ഹെൽത്ത്കെയർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഡൽഹിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച 69 വയസ്സുകാരിയുടെ ഹൃദയമാണ് റഷാന് ലഭിച്ചത്.

ഹൃദയത്തെയോ ശ്വാസകോശത്തെയോ ബാധിക്കുന്ന മാരകമായ അസുഖമുള്ളവർക്കുള്ള ലൈഫ് സപ്പോർട്ട് സിസ്റ്റമായ ഇ.സി.എം.ഒ ഉപയോഗിച്ച് വരുകയായിരുന്നു റഷാൻ. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് 2019ലാണ് റഷാൻ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഹൃദയത്തിലെ ഒരു വാൽവിൽ ചോർച്ചയുണ്ടായതിനെ തുടർന്നാണ് പൂർണ്ണ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവന്നത്.

ആശുപത്രിയും ചെന്നൈ ആസ്ഥാനമായുള്ള ഐശ്വര്യം ട്രസ്റ്റും ചേർന്നാണ് ശശസ്ത്രക്രിയയ്ക്ക് ചെലവായ 35 ലക്ഷം രൂപ വഹിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലങ് ട്രാൻസ്പ്ലാൻറ് ഡയറക്ടർ ഡോ. കെ. ആർ. ബാലകൃഷ്ണൻ, കോ-ഡയറക്ടർ ഡോ.സുരേഷ് റാവു എന്നിവർ റഷാന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാൻ ഇടപെട്ടതോടെയാണ് ശസ്ത്രക്രിയ നടന്നത്.

റഷാനും അമ്മ സനോബറും കേന്ദ്രത്തോട് നന്ദി പറഞ്ഞു. പാകിസ്ഥാനിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന റഷാന് ഒരു ഫാഷൻ ഡിസൈനറാകാനാണ് ആഗ്രഹം.

2018ൽ പാക്കിസ്ഥാന്റെ ഫീൽഡ് ഹോക്കി ലോകകപ്പ് ജേതാവായ ഗോൾകീപ്പർ മൻസൂർ അഹമ്മദ് ഇന്ത്യയിൽ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 49 വയസ്സുള്ള അഹമ്മദിന് പേസ് മേക്കറും ഹൃദയത്തിൽ ഘടിപ്പിച്ച സ്റ്റെന്റ കാരണം സങ്കീർണതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

Similar Posts