'അയോധ്യ ആരുടെയും കുത്തകയല്ല; യഥാർഥ രാമഭക്തർ ആരെന്ന് ഫലം തെളിയിച്ചു': ബിജെപിയെ കെട്ടുകെട്ടിച്ച എസ്.പി സ്ഥാനാർഥി
|പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിക്ക് പകരം ഫൈസാബാദിൽ മത്സരിച്ചാൽ പോലും താൻ നേരിടാൻ തയാറാണെന്നും പ്രസാദ് പറഞ്ഞു.
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റ വൻ തിരിച്ചടികളിൽ ഒന്ന് രാമക്ഷേത്രം നിർമിച്ച് വിജയമുറപ്പിച്ച അയോധ്യയടങ്ങുന്ന ഫൈസാബാദ് സീറ്റിലെ വമ്പൻ പരാജയമായിരുന്നു. സമാജ്‌വാദി പാർട്ടിയാണ് ബിജെപിയിൽ നിന്ന് സീറ്റ് പിടിച്ചെടുത്തത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ചും എന്തുകൊണ്ട് ജനം ബിജെപിയെ കൈവിട്ടെന്നും വിശദീകരിക്കുകയാണ് ഫൈസാബാദിൽ നിന്ന് വിജയിച്ച എസ്.പി സ്ഥാനാർഥി അവധേഷ് പ്രസാദ്. അയോധ്യ ആരുടെയും കുത്തകയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ആരാണ് യഥാർഥ രാമഭക്തരെന്നും ആരാണ് രാമൻ്റെ പേരിൽ രാഷ്ട്രീയം നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി അവധേഷ് പ്രസാദ് പറഞ്ഞു. അയോധ്യ ആരുടെയും വകയല്ലെന്നും ശ്രീരാമൻ്റെ പുണ്യഭൂമിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്നേക്കാൾ വലിയ രാമഭക്തനാകാൻ മറ്റാർക്കുമാവില്ല. എൻ്റെ മുത്തച്ഛൻ, അച്ഛൻ, സഹോദരൻ, ഭാര്യാപിതാവ് എല്ലാവരുടെയും പേരിൽ രാമനുണ്ട്. ഞാൻ അയോധ്യാ സ്വദേശിയാണ്. അപ്പോൾ ശ്രീരാമനോട് എന്നെക്കാൾ അടുപ്പം ആർക്കാണുണ്ടാവുക?'- അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ അയോധ്യയിൽ നടക്കുന്ന വികസന പദ്ധതികളിൽ പ്രസാദ് ആശങ്ക പ്രകടിപ്പിച്ചു. നഷ്ടപരിഹാരം നൽകാതെ പല കടകളും പൊളിച്ചു. കർഷകരുടെ ഭൂമി വൻകിട പദ്ധതികളുടെ ഭീഷണിയിലാണ്. ഇത് ജനങ്ങളിൽ കാര്യമായ രോഷത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിക്ക് പകരം ഫൈസാബാദിൽ മത്സരിച്ചാൽ പോലും താൻ നേരിടാൻ തയാറാണെന്നും പ്രസാദ് പറഞ്ഞു. 'പ്രധാനമന്ത്രി മോദി അയോധ്യയിൽ മത്സരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാനുള്ള അവസരത്തിൽ താൻ സന്തോഷിക്കുമായിരുന്നു. എതിരാളി ആരായാലും താൻ വിജയിക്കുമെന്നും അതിലൂടെ രാജ്യവ്യാപകമായി ശക്തമായ സന്ദേശം നൽകുമെന്നും അഖിലേഷ് യാദവ് ഉറപ്പുനൽകിയിരുന്നു'- എം.പി വെളിപ്പെടുത്തി.
ഒരു ദലിതനെ ജനറൽ സീറ്റിൽ നിന്ന് മത്സരിപ്പിക്കാനുള്ള അഖിലേഷ് യാദവിൻ്റെ തീരുമാനം അഭൂതപൂർവമാണെന്നും ഇത് ഡോ. ബി.ആർ അംബേദ്കറുടെ ഭരണഘടനയുടെ ആത്മാവിനെ മാനിക്കുന്നതാണെന്നും അദ്ദേഹം വിശദമാക്കി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആറ് മാസം മുമ്പുതന്നെ പ്രസാദിനെ ഫൈസാബാദ് സീറ്റിലേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ച് വിജയം സംബന്ധിച്ച് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ച് രാംലല്ല പ്രതിഷ്ഠിച്ച് മാസങ്ങൾക്കുള്ളിലാണ് ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി തോറ്റത്.
യു.പിയിൽ 80ൽ 43 സീറ്റുകൾ നേടിയാണ് ബിജെപിയെ ഇൻഡ്യ മുന്നണി ഞെട്ടിച്ചത്. 37 സീറ്റുകൾ എസ്.പി നേടിയപ്പോൾ കോൺഗ്രസ് ആറ് സീറ്റുകളും നേടി. ബിജെപിക്ക് 33 സീറ്റുകൾ മാത്രമാണ് നേടാനായത്. തോറ്റ പ്രധാനമണ്ഡലങ്ങളിൽ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അമേഠിയടക്കം ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയടക്കം എത്തിച്ച് വൻ പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപി നടത്തിയതെങ്കിലും ഇതൊന്നും ഗുണമുണ്ടാക്കിയില്ലന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.