India
Ram Temple
India

'അയോധ്യ രാമക്ഷേത്ര അജണ്ടകൾ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കില്ല'; സർവേ

Web Desk
|
13 April 2024 12:57 AM GMT

ഇന്ത്യ മതേതരത്വ രാജ്യമായി നിലനിൽക്കണമെന്നാണ് സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും പ്രതികരിച്ചത്

ന്യൂഡല്‍ഹി: ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അയോധ്യയിലെ രാമക്ഷേത്ര അജണ്ടകൾ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കില്ലെന്നും സർവേഫല സൂചനകൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എസ്.ഡി.എസ് ലോക് നീതി നടത്തിയ പ്രീ-പോൾ സർവേ ഫലം അത് വിശദീകരിക്കുന്നു. ഇന്ത്യ മതേതരത്വ രാജ്യമായി നിലനിൽക്കണമെന്നാണ് സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും പ്രതികരിച്ചത്.19 സംസ്ഥാനങ്ങളിൽ 100 പാർലമെന്ററി നിയോജക മണ്ഡലങ്ങളിലാണ് സർവേ നടന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യയിലെ വോട്ടർമാരുടെ പ്രധാന ആശങ്കകൾ വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയുമാണ് എന്ന് സി.എസ്.ഡി.എസ് സർവേ ഫലം.

ഇന്ത്യയിൽ തൊഴിലില്ലായ്മ ഉണ്ടെന്ന് അഭിപ്രായപ്പെടുന്നത് 62ശതമാനം ആണ്. പണപ്പെരുപ്പം വർധിച്ചുവെന്ന് 26 ശതമാനം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അഴിമതിയിൽ വർദ്ധനവ് ഉണ്ടായെന്ന് 55ശതമാനം അഭിപ്രായപ്പെടുന്നു. ജീവിതനിലവാരം വർധിച്ചു എന്ന് 48 ശതമാനം പറയുമ്പോൾ 35% തകർച്ച നേരിട്ടു അഭിപ്രായപ്പെടുന്നു.

രാമക്ഷേത്ര നിർമ്മാണം ഹിന്ദുക്കളുടെ ഏകീകരണത്തിന് സഹായിച്ചു എന്ന് 48ശതമാനം അഭിപ്രായപ്പെടുമ്പോഴും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിപക്ഷം. സർവേയിൽ ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമാണോ എന്ന ചോദ്യത്തിന് അല്ല എന്ന് പ്രതികരിച്ചത് 79 ശതമാനമാണ്. അതിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളും. എല്ലാ മതങ്ങളും തുല്യരാണെന്ന അവരുടെ മറുപടി മതേതര ഇന്ത്യക്ക് ശക്തി പകരുന്നുണ്ട്.11 ശതമാനം ഹിന്ദുക്കൾ മാത്രമാണ് ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് കരുതുന്നത്. 81ശതമാനം യുവാക്കളും മതപരമായ ബഹുസ്വരയിൽ വിശ്വസിക്കുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 83ശതമാനവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്നുള്ളത് മതേതരത്വ ആശയങ്ങൾക്ക് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

Similar Posts