India
ayodhya ram temple
India

'ഫോണും പേഴ്‌സും പുറത്ത്, ആരതികളില്‍ പങ്കെടുക്കാന്‍ പ്രവേശന പാസ്': അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പുതിയ നിര്‍ദേശങ്ങള്‍

Web Desk
|
13 March 2024 10:09 AM GMT

പാസിനായി പേര്, വയസ്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, സ്ഥലം എന്നി വിവരങ്ങള്‍ നല്‍കണം

ഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ക്ഷേത്രം ട്രസ്റ്റ്. വലിയ ജനതിരക്ക് അനുഭവപ്പെടുന്നുവെന്ന് ഉന്നയിച്ചാണ് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

രാവിലെ 6.30 നും രാത്രി 9.30 നും ഇടയില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് ട്രസ്റ്റ് നിര്‍ദേശിച്ചു. മൊബൈല്‍ ഫോണ്‍, ചെരുപ്പ്, പേഴ്‌സ് എന്നിവ ക്ഷേത്രത്തിന് പുറത്ത് വയ്ക്കണം. പൂക്കള്‍, ഹാരം, പ്രസാദങ്ങള്‍ തുടങ്ങിയവ ക്ഷേത്രത്തിനകത്ത് കൊണ്ടുപോവരുത്. വിവിധ ആരതികള്‍ക്കായി പ്രത്യേക പ്രവേശന പാസുകളുണ്ടായിരിക്കും.

പുലര്‍ച്ചെ 4 മണി, രാവിലെ 6.15, രാത്രി 10 മണി എന്നിസമയങ്ങളിലെ ആരതികളില്‍ പങ്കെടുക്കാന്‍ പ്രവേശന പാസ് വേണ്ടതുണ്ട്. ഇതിനായി പേര്, വയസ്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, സ്ഥലം എന്നി വിവരങ്ങള്‍ നല്‍കണം. പാസിന് പണം വേണ്ടതില്ല. ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്നും ഈ പാസ് ലഭ്യമാകും. പാസിന് തുക ഈടാക്കുന്നില്ലെന്നും തുക ആവശ്യപ്പെട്ടുള്ള പ്രത്യേക ദര്‍ശനം ഇവിടെ ഒരുക്കിയിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു. ഭക്തര്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇക്കാര്യം പ്രത്യേകം അറിയിക്കുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി.

ശാരീരിക പ്രയാസമനുഭവിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും സൗജന്യ വീല്‍ചെയര്‍ സൗകര്യവും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts