India
പഠാൻ വിവാദം: ഷാരൂഖ് ഖാന് പ്രതീകാത്മക പിണ്ഡം വച്ച് അയോധ്യയിലെ വിവാദ സന്യാസി; തിയേറ്ററുകൾ കത്തിക്കാൻ ആഹ്വാനം
India

പഠാൻ വിവാദം: ഷാരൂഖ് ഖാന് പ്രതീകാത്മക പിണ്ഡം വച്ച് അയോധ്യയിലെ വിവാദ സന്യാസി; തിയേറ്ററുകൾ കത്തിക്കാൻ ആഹ്വാനം

Web Desk
|
26 Dec 2022 2:14 PM GMT

കഴിഞ്ഞദിവസമാണ്, ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ കത്തിക്കുമെന്ന ഭീഷണിയുമായി പരമഹംസ് ദാസ് രം​ഗത്തെത്തിയത്.

അയോധ്യ: ഷാരൂഖ് ഖാൻ നായകനായ ഏറ്റവും പുതിയ ചിത്രമായ പഠാനിലെ പാട്ട് റിലീസായതിന് പിന്നാലെ നടനെതിരെ കൊലവിളിയുമായി രം​ഗത്തെത്തിയ അയോധ്യയിലെ സന്യാസി വീണ്ടും വിവാദത്തിൽ. ഷാരൂഖ് ഖാന് പ്രതീകാത്മക പിണ്ഡം വച്ചാണ് ('തെരാവീൻ' ചടങ്ങ്) വിവാദ സന്യാസി മഹന്ത് പരമഹംസ് ദാസ് വിദ്വേഷനീക്കം ആവർത്തിച്ചത്.

തിങ്കളാഴ്ച അയോധ്യയിലായിരുന്നു സംഭവം. ഒരു മൺപാത്രവുമായി നിലത്തിരിക്കുകയും ചില മന്ത്രങ്ങൾ ഉരുവിട്ടതിന് ശേഷം അത് നിലത്ത് ഉടയ്ക്കുകയുമായിരുന്നു. ഇയാളെ പിന്തുണയ്ക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ ചടങ്ങ്.

തന്റെ സിനിമകളിലൂടെ നടൻ പ്രചരിപ്പിച്ചിരുന്ന 'ജിഹാദിന്' അന്ത്യം കുറിക്കുന്നതാണ് ഈ 'തെരാവീൻ' എന്ന് വിവാദ സന്യാസി പറഞ്ഞു. 'പഠാൻ' പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് തീയിടാനും ഇയാൾ ആഹ്വാനം ചെയ്തു.

'ബോളിവുഡും ഹോളിവുഡും സനാതന ധർമത്തെ കളിയാക്കാനും ഹിന്ദു ദേവീദേവന്മാരെ അപമാനിക്കാനും നിരന്തരം ശ്രമിക്കുന്നു. 'പഠാൻ' സിനിമയിൽ ദീപിക പദുക്കോൺ ബിക്കിനി ധരിച്ച് സന്യാസിമാരുടെയും രാജ്യത്തെ മുഴുവൻ മതവികാരങ്ങളെയും വ്രണപ്പെടുത്തി'.

'സനാതന ധർമത്തെ ഷാരൂഖ് ഖാൻ നിരന്തരം കളിയാക്കാറുണ്ട്. കാവി ബിക്കിനി ധരിച്ച് ദീപിക പദുക്കോൺ ഇത്തരം ചുവടുകൾ അവതരിപ്പിക്കേണ്ട ആവശ്യം എന്തായിരുന്നു?'- അയാൾ ചോദിച്ചു. കഴിഞ്ഞദിവസമാണ് ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ കത്തിക്കുമെന്ന ഭീഷണിയുമായി പരമഹംസ് ദാസ് രം​ഗത്തെത്തിയത്.

ഉത്തരേന്ത്യൻ ഹിന്ദുക്കൾ മരണാനന്തര ദുഃഖാചരണത്തിന്റെ അവസാന ദിവസം ആഘോഷിക്കുന്ന ചടങ്ങിനെയാണ് 'തെരാവീൻ' എന്ന് വിളിക്കുന്നത്. 'തെരാവീൻ' എന്ന പദത്തിന്റെ അർഥം പതിമൂന്നാം എന്നാണ്. മരണത്തിന്റെ 13ാം ദിവസമാണ് ചടങ്ങ് നടക്കുന്നത്.

ഷാരൂഖിനെ ജീവനോടെ ചുട്ടെരിക്കുമെന്ന സന്യാസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധി വരെ നിരാഹാരം പ്രഖ്യാപിച്ച് ഇയാൾ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.

ചിത്രത്തിലെ പാട്ട് റിലീസായതിന് പിന്നാലെ നായികയായ ദീപിക പദുകോൺ ധരിച്ച വസ്ത്രത്തിന്റെ നിറം ചൂണ്ടിക്കാണിച്ചായിരുന്നു സംഘ്പരിവാർ- ഹിന്ദുത്വ കേന്ദ്രങ്ങൾ വാളെടുത്തത്. നടനും ചിത്രത്തിനുമെതിരെ ഭീഷണിയുമായെത്തി സംഘ്പരിവാർ കേന്ദ്രങ്ങൾ ബഹിഷ്‌കരണാഹ്വാനവും നടത്തുന്നുണ്ട്.

ചിത്രം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സംഘ്പരിവാർ പരാതി നൽകിയിരുന്നു. ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമത്തിന് എതിരാണെന്ന പരാതിയിൽ ചിത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി അനുയായി സജ്ഞയ് തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ ഓജ നൽകിയ ഹരജി ബിഹാർ മുസഫർ നഗർ കോടതി ജനുവരി മൂന്നിന് പരിഗണിക്കാനിരിക്കുകയാണ്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിൽ കേസ് എടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ഒരിടവേളയ്ക്കു ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് പത്താൻ. ചിത്രത്തിലെ 'ബേഷറാം റാംഗ്' എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തിൽ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.

ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാർ വരെ പരസ്യമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ടെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്.

അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ല. വളരെ മോശമാണ്. വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്- എന്നും നരോത്തം മിശ്ര പറഞ്ഞിരുന്നു. വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

Similar Posts