India
Yogi Adityanath
India

അയോധ്യയിലെ ദീപോത്സവം അസ്വസ്ഥമാക്കുന്നത് പാകിസ്താനെയും അഖിലേഷ് യാദവിനെയും മാത്രം: പരിഹസിച്ച് യോഗി ആദിത്യനാഥ്

Web Desk
|
19 Sep 2024 1:33 PM GMT

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് യാദവ് കുറ്റവാളികളെ സംരക്ഷിക്കുകയും മുസ്‍ലിം പ്രീണനത്തിൽ ഏർപ്പെടുകയും ചെയ്തുവെന്നും ആദിത്യനാഥ് ആരോപിച്ചു

അയോധ്യ: സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനമവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ അടുത്ത മാസം നടക്കാന്‍ പോകുന്ന ദീപോത്സവം അസ്വസ്ഥമാക്കുന്നത് അഖിലേഷിനെയും പാകിസ്താനെയും മാത്രമാണെന്ന് ആദിത്യനാഥ് പരിഹസിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മിൽകിപൂർ നിയമസഭാ മണ്ഡലത്തില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് യാദവ് കുറ്റവാളികളെ സംരക്ഷിക്കുകയും മുസ്‍ലിം പ്രീണനത്തിൽ ഏർപ്പെടുകയും ചെയ്തുവെന്നും ആദിത്യനാഥ് ആരോപിച്ചു. "ഏതൊരു ജില്ലയിലെയും ഏറ്റവും വലിയ മാഫിയ, ഏറ്റവും വലിയ ഗുണ്ട, അല്ലെങ്കില്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ സമാജ്‌വാദി പാർട്ടിയുടെ അനുയായികളായിരിക്കും. സംഘടിത കുറ്റകൃത്യങ്ങൾ, ഭൂമി, മൃഗങ്ങൾ, വനം, ഖനനം എന്നിവയിൽ ഈ മാഫിയ ഉൾപ്പെട്ടിരുന്നു. എല്ലാ മാഫിയകളും എസ്‍പിയുമായി ബന്ധമുള്ളവരായിരുന്നു'' യുപി മുഖ്യമന്ത്രി പറഞ്ഞു. ''മാഫിയയുടെ സമാന്തര സര്‍ക്കാരാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അഖിലേഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയതേയില്ല. എല്ലാ ദിവസവും ഉച്ചക്ക് 12 മണിക്കാണ് എഴുന്നേറ്റിരുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ഇതെല്ലാം സഹിക്കേണ്ടി വന്നു'' മാഫിയകൾ സമാന്തര സർക്കാർ നടത്തുകയും ഒരു വശത്ത് ഗുണ്ടായിസത്തിൽ ഏർപ്പെടുകയും മറുവശത്ത് അവർ മുസ്‍ലിം പ്രീണനത്തിൻ്റെ അതിർവരമ്പുകൾ ലംഘിച്ച് ഉത്സവ സമയങ്ങളിൽ പോലും അരാജകത്വം പ്രചരിപ്പിക്കുന്നുണ്ടെന്നും ആദിത്യനാഥ് ആരോപിച്ചു.

"ഹോളിയോ ദീപാവലിയോ രക്ഷാബന്ധനോ ശിവരാത്രിയോ രാമനവമിയോ ജന്മാഷ്ടമിയോ ആകട്ടെ, അവർ അവയെല്ലാം നിരോധിക്കുകയും പരിപാടികൾ നിർത്തിവെക്കുകയും ചെയ്തു. ഹരേ രാമ ഹരേ കൃഷ്ണ എന്ന ഗാനം ചിലർക്ക് ഇഷ്ടപ്പെടാത്തതിനാൽ സമാജ്‌വാദി പാർട്ടി അത് നിരോധിക്കുകയായിരുന്നു. അവർ കൻവാർ യാത്ര തടസപ്പെടുത്തി. അയോധ്യയുടെ ദീപോത്സവം! അയോധ്യയിലെ ക്ഷേത്രങ്ങളിലും ഘാട്ടുകളിലും വിളക്കുകൾ കത്തിക്കുമ്പോൾ അത് സമാജ്‌വാദി പാർട്ടി മേധാവിയെയും പാകിസ്താനെയും മാത്രം അസ്വസ്ഥമാക്കുന്നു. കാരണം, അയോധ്യയിൽ കത്തിക്കുന്ന ഓരോ വിളക്കും അയോധ്യയെ മാത്രമല്ല, രാജ്യത്തെയും സംസ്ഥാനത്തെയും പ്രകാശിപ്പിക്കുമെന്ന് അവർക്കറിയാമായിരുന്നു.മനുഷ്യരാശിക്ക് ക്യാൻസറായി മാറിയ പാകിസ്താനെ തകർക്കാൻ ഈ വിളക്കുകൾക്ക് ശക്തിയുണ്ട്. പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവാണ്. അതുകൊണ്ട് അവര്‍ക്ക് പ്രശ്നമുണ്ടാകും. എന്നാൽ ഹിന്ദു വിരുദ്ധ മനോഭാവത്തിന് പേരുകേട്ട സമാജ്‌വാദി പാർട്ടിക്കും പ്രശ്‌നമുണ്ടായിരുന്നു. കാരണം അവർ ഇരുട്ടിൽ ജീവിക്കാൻ ശീലിച്ചവരാണ്. കവര്‍ച്ച നടത്തുന്നതിനാല്‍ അവർക്ക് ഇരുട്ട് ആവശ്യമാണ്. അതുകൊണ്ടാണ് അവർ എല്ലായിടത്തും ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോധ്യ ജില്ലയിലെ മിൽകിപൂർ നിയമസഭാ മണ്ഡലത്തിനൊപ്പം സംസ്ഥാനത്തെ മറ്റ് ഒമ്പത് സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സമാജ്‌വാദി പാർട്ടിയുടെ ദലിത് നേതാവ് അവധേഷ് പ്രസാദ് ജൂണിൽ ഫൈസാബാദ് ലോക്‌സഭാ സീറ്റിൽ വിജയിച്ചതിന് പിന്നാലെയാണ് മിൽകിപൂര്‍ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Similar Posts