India
ayodhya airport
India

അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് മഹർഷി വാൽമീകിയുടെ പേര്

Web Desk
|
28 Dec 2023 4:37 PM GMT

‘മഹർഷി വാൽമീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധാം’ എന്നാകും വിമാനത്താവളത്തിന്റെ പേര്

അയോധ്യ: അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് രാമായണം രചിച്ച മഹർഷി വാൽമീകിയുടെ പേരിടും. ‘മഹർഷി വാൽമീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധാം’ എന്നാകും വിമാനത്താവളത്തിന്റെ പേരെന്ന് അധികൃതർ അറിയിച്ചു.

പുതുതായി നിർമിച്ച വിമാനത്താവളം ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക. 1450 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 6500 സ്ക്വയർ മീറ്റർ വിസ്തൃതിയുണ്ട് എയർപോർട്ട് ടെർമിനലിന്.

ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിനോട് സാമ്യമുള്ളതാണ്. ടെർമിനൽ കെട്ടിടത്തിന്റെ അകത്തളങ്ങൾ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പെയിന്റിംഗുകളും ചുവർചിത്രങ്ങളും കൊണ്ട് നിറഞ്ഞിട്ടുണ്ട്.

ഇൻസുലേറ്റഡ് റൂഫിങ് സംവിധാനം, എൽഇഡി ലൈറ്റുകൾ, മഴവെള്ള സംഭരണികൾ, ജലധാരകളുള്ള ലാൻഡ്സ്കേപ്പിങ്, ജലശുദ്ധീകരണ പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാർ പവർ പ്ലാന്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

അയോധ്യയിൽ 2,180 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഗ്രീൻഫീൽഡ് ടൗൺഷിപ്പിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.

Related Tags :
Similar Posts