അല്ലാഹുവിനെതിരായ ബിജെപി എംഎൽഎയുടെ വിവാദ പരാമർശം; കലക്ടറുടെ ഓഫീസിന് മുന്നിൽ ബാങ്ക് വിളിച്ച് മുസ്‌ലിം യുവാക്കളുടെ പ്രതിഷേധം
|ബാങ്കിനെതിരായ പരാമർശത്തിൽ ബിജെപി നേതാവ് ഈശ്വരപ്പയ്‌ക്കെതിരെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ആഞ്ഞടിച്ചു.
ശിവമോഗ: ബാങ്കുവിളിക്കും അല്ലാഹുവിനുമെതിരായ ബിജെപി എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നിൽ ബാങ്ക് വിളിച്ച് പ്രതിഷേധം. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. ബിജെപി എംഎൽഎ കെ.എസ് ഈശ്വരപ്പയുടെ വിവാദ പരാമർശത്തിനെതിരെ ആയിരുന്നു മുസ്‌ലിം യുവാക്കളുടെ പ്രതിഷേധം.
എംഎൽഎയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ, വേണ്ടിവന്നാൽ വിധാൻ സഭയ്ക്ക് മുന്നിൽ നിന്നും ബാങ്ക് വിളിക്കുമെന്നും അറിയിച്ചു. ഞങ്ങളുടെ മാതാപിതാക്കൾക്കെതിരെ പറഞ്ഞാലും കുഴപ്പമില്ല. പക്ഷേ എംഎൽഎ അല്ലാഹുവിനും ബാങ്കിനുമെതിരെയാണ് പറഞ്ഞത്. വേണ്ടിവന്നാൽ ഞങ്ങൾ വിധാൻ സഭയ്ക്ക് മുന്നിലെത്തി ബാങ്ക് വിളിക്കും. ഞങ്ങൾ ഭീരുക്കളല്ല. മുസ്‌ലിം സമുദായം ഒന്നിക്കണം- അവർ പറഞ്ഞു.
സംഭവത്തിൽ ഐപിസി 107 പ്രകാരം കേസെടുത്തതായി ശിവമോഗ പൊലീസ് പറഞ്ഞു. 'ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കരുതെന്ന് ഞങ്ങൾ പ്രതിഷേധക്കാരായ യുവാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. എന്നാൽ ഞങ്ങൾ അവരുടെ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കുകയാണ്. എന്തെങ്കിലും സംശയാസ്പദമായി കണ്ടെത്തിയാൽ നടപടിയെടുക്കും'- ശിവമോഗ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
അതേസമയം, ബാങ്കിനെതിരായ പരാമർശത്തിൽ ബിജെപി നേതാവ് ഈശ്വരപ്പയ്‌ക്കെതിരെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ആഞ്ഞടിച്ചു. 'ഇതൊക്കെ വൈകാരിക വിഷയങ്ങളാണ്. ഇപ്പോഴുണ്ടായ സംഭവങ്ങൾക്ക് കാരണം ബിജെപിയാണ്. ഈശ്വരപ്പയും ബിജെപി നേതാക്കളും പരിധി വിടരുത്. നമ്മുടെ രാജ്യം സമാധാനപരമായി മുന്നോട്ടുപോവണം. ഐക്യം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം'- എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.
'ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ആളുകളെ, പ്രത്യേകിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെയും ആശുപത്രികളിലെ രോഗികളേയും ശല്യപ്പെടുത്തുന്നു' എന്നായിരുന്നു ബിജെപി ശിവമോഗ എംഎൽഎയായ കെ.എസ് ഈശ്വരപ്പയുടെ വിവാദ പരാമർശം. കഴിഞ്ഞ ഞായറാഴ്ച ശാന്തിനഗറിൽ ബിജെപിയുടെ വിജയ് സങ്കൽപ് യാത്രയ്ക്കിടെ നടത്തിയ ബാങ്കിനെ കുറിച്ചുള്ള തന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഈശ്വരപ്പ.
'ഇപ്പോൾ പരീക്ഷകൾ നടക്കുന്ന സമയമാണ്. പരീക്ഷയ്ക്ക് പഠിക്കാൻ ഇരിക്കുന്ന വിദ്യാർഥികൾ വാങ്ക് വിളി കേൾക്കുമ്പോൾ തന്നെ ആകെ അസ്വസ്ഥരാകുകയാണ്. അല്ലാഹുവിന് പതുക്കെ പ്രാർഥിച്ചാൽ കേൾക്കാൻ കഴിയില്ലേ? അതോ അദ്ദേഹം ബധിരനാണോ എന്നാണ് ഞാൻ ചോദിച്ചത്. ഇത് ഏതെങ്കിലുമൊരു മതത്തെ അവഹേളിക്കലല്ല. അല്ലാഹുവിന് പതുക്കെ പ്രാർഥിച്ചാലും കേൾക്കാം. പക്ഷെ ഇവർ മൈക്കുകളിലൂടെ അലറുന്നു. അതു മാത്രമേ അല്ലാഹുവിന്റെ ചെവിയിലെത്തുകയുള്ളോ?'- ഈശ്വരപ്പ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മംഗളൂരുവിൽ സംസാരിക്കുന്നതിനിടെ ബാങ്ക് വിളി ഉയർന്നപ്പോൾ, ഇതൊരു തലവേദന ആണല്ലോ എന്നായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം. തുടർന്ന്, മൈക്ക് ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നതിനെതിരെ വിവാദ പരാമർശം നടത്തുകയായിരുന്നു. മൈക്കുകളിലൂടെ ഉറക്കെ ബാങ്ക് വിളിക്കുന്നത് മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് വാദിച്ച ഹരജി കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.