''അച്ഛനും മകനും ജയിലിൽ പോവും''; ബി.ജെ.പി നേതാവിനെതിരെ ശിവസേന
|സോമയ്യ നീരവ് ഡെവലപേഴ്സിൽ 260 കോടി രൂപ നിക്ഷേപിച്ചതായി റാവത്ത് ഒരാഴ്ച മുമ്പ് ആരോപിച്ചിരുന്നു. പി.എം.സി ബാങ്ക് തട്ടിപ്പ് കേസിന്റെ മുഖ്യസൂത്രധാരൻമാർ കൃതിക് സോമയ്യയും മകനുമാണെന്നാണ് സഞ്ജയ് റാവത്തിന്റെ ആരോപണം.
പി.എം.സി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ബി.ജെ.പി നേതാവ് കൃതിക് സോമയ്യ, മകൻ നീൽ സോമയ്യ എന്നിവർക്കെതിരെ മുന്നറിയിപ്പുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പിതാവും മകനും ഉടൻ തന്നെ ജയിലിൽ പോവേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
''എന്റെ വാക്കുകൾ രേഖപ്പെടുത്തിവെച്ചോളൂ...ഞാൻ ആവർത്തിക്കുന്നു: അച്ഛനും മകനും ജയിലിൽ പോവും. ഇവർക്ക് പുറമെ മൂന്ന് സെൻട്രൽ ഏജൻസി ഉദ്യോഗസ്ഥരും അവരുടെ ഏജന്റുമാരും അഴിക്കുള്ളിലാവും. മഹാരാഷ്ട്ര ഒരിക്കലും തലകുനിക്കില്ല''-റാവത്ത് പറഞ്ഞു.
സോമയ്യ നീരവ് ഡെവലപേഴ്സിൽ 260 കോടി രൂപ നിക്ഷേപിച്ചതായി റാവത്ത് ഒരാഴ്ച മുമ്പ് ആരോപിച്ചിരുന്നു. പി.എം.സി ബാങ്ക് തട്ടിപ്പ് കേസിന്റെ മുഖ്യസൂത്രധാരൻമാർ കൃതിക് സോമയ്യയും മകനുമാണെന്നാണ് സഞ്ജയ് റാവത്തിന്റെ ആരോപണം. കേസിൽ മുൻകൂർ ജാമ്യം തേടി നീൽ സോമയ്യ സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.