ബാന്ദ്ര സീറ്റ് ശിവസേനക്ക് നൽകി കോൺഗ്രസ്; വിമർശനവുമായി ബാബാ സിദ്ദീഖിയുടെ മകൻ
|ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടത്തിയതിന് ഷീസാൻ സിദ്ദീഖിയെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
മുംബൈ: ബാന്ദ്ര ഈസ്റ്റ് സീറ്റ് ശിവസേനക്ക് നൽകാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ വിമർശനവുമായി ബാബാ സിദ്ദീഖിയുടെ മകൻ ഷീസാൻ സിദ്ദീഖി. കഴിഞ്ഞ ദിവസം ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റിങ് എംഎൽഎ ആയ ഷീസാൻ സിദ്ദീഖി വിമർശനവുമായി രംഗത്തെത്തിയത്.
''ഞങ്ങളുടെ പഴയ സുഹൃത്തുക്കൾ ബാന്ദ്ര ഈസ്റ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച വിവരം അറിഞ്ഞു. പരസ്പര ബഹുമാനമുള്ളവരുമായി മാത്രം ബന്ധം സ്ഥാപിക്കുന്നതാണ് നല്ലത്. ആളുകളുടെ എണ്ണം കൂട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. ഇനി ജനം തീരുമാനിക്കട്ടെ''- ഷീസാൻ പറഞ്ഞു.
ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടത്തിയതിന് ഷീസാനെ കോൺഗ്രസ് ഈ വർഷം ആദ്യത്തിൽ പുറത്താക്കിയിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനാ സ്ഥാനാർഥിയായിരുന്ന വിശ്വനാഥ് മഹാദേശ്വറിനെയാണ് ഷീസാൻ സിദ്ദീഖി പരാജയപ്പെടുത്തിയത്. ഇത്തവണ വരുൺ സർദേശായ് ആണ് വാന്ദ്ര ഈസ്റ്റിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ സ്ഥാനാർഥി.
ഷീസാന്റെ പിതാവ് ബാബാ സിദ്ദീഖി ഒക്ടോബർ 12ന് വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. എൻസിപി അജിത് പവാർ പക്ഷ നേതാവായിരുന്നു സിദ്ദീഖി. ഇത്തവണ മഹായുതി സഖ്യത്തിലെ സീറ്റ് ധാരണ പ്രകാരം വാന്ദ്ര ഈസ്റ്റ് അജിത് പവാർ പക്ഷത്തിനാണ്. ഷീസാൻ സിദ്ദീഖിയെ ഇവിടെ സ്ഥാനാർഥിയാക്കുമെന്നാണ് സൂചന.