'ഹിന്ദു സമൂഹം ഒരിക്കലും കലാപം നടത്തില്ല, ഏത് സമൂഹമാണ് കലാപത്തിന് പ്രേരിപ്പിക്കുന്നതെന്ന് എല്ലാവർക്കും അറിയാം'; വിവാദ പരാമർശവുമായി ഗുസ്തിതാരം ബബിത ഫോഗട്ട്
|'എഎപി നേതാക്കളും പ്രവർത്തകരും ജഹാംഗീർപുരിയിൽ കലാപത്തിന് പ്രേരിപ്പിച്ചു'
ഡൽഹി: ജഹാംഗീർപുരി അക്രമവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഇന്ത്യൻ ഗുസ്തിതാരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട്.' ഹിന്ദു സമൂഹം ഒരിക്കലും കലാപം നടത്തുന്നില്ലെന്നും ഏത് സമൂഹമാണ് രാജ്യത്ത് കലാപത്തിന് പ്രേരിപ്പിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും' ഫോഗട്ട് പറഞ്ഞു. ട്വിറ്ററിലാണ് ഫോഗട്ടിന്റെ വിവാദ പരാമർശം.
'ഹിന്ദു സമൂഹം ഒരിക്കലും കലാപം നടത്തുന്നില്ല. കലാപത്തിൽ മുഴുകുന്ന സമൂഹത്തിന്റെ പേര് എല്ലാവർക്കും അറിയാം. എല്ലാവർക്കും അവരുടെ ഐഡന്റിറ്റിയെക്കുറിച്ച് അറിയാം. നേരത്തെ ഉമർ ഖാലിദ്, ഷർജീൽ ഇമാം, താഹിർ ഹുസൈൻ, ഇപ്പോൾ അൻസാർ, സലിം, ഇമാം ഷെയ്ഖ്, ദിൽഷാദ്, അഹിദ്, അസ്‍ലം'. എന്നാണ് അവർ ട്വീറ്റ് ചെയ്തത്. '
2014ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡല്‍ ജേതാവ് കൂടിയായ ബബിത ഫോഗട്ട് ആംആദ്മി പാർട്ടിക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എഎപി നേതാക്കളും പ്രവർത്തകരും ജഹാംഗീർപുരിയിൽ കലാപത്തിന് പ്രേരിപ്പിച്ചെന്നും ഗുണ്ടകളുടെയും ക്രിമിനലുകളുടെയും പാർട്ടിയാണ് ഇതെന്നുമായിരുന്നു അവർ ട്വീറ്റ് ചെയ്തത്. ഷഹീൻ ബാഗിലെ കലാപത്തിൽ ഇത് തെളിഞ്ഞുവെന്നും അന്വേഷണം പൂർത്തിയായാൽ ഇത് എല്ലാവർക്കും മനസിലാകുമെന്നും ജഹാംഗീർപുരി അക്രമത്തെക്കുറിച്ചുള്ള അന്വേഷണം പുറത്തുവന്നാൽ ഇതുതന്നെ സംഭവിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ആംആദ്മി തലവനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെയും ബബിത ഫോഗട്ട് വിമർശനം ഉന്നയിച്ചു. 'ജെഎൻയുവിലെ ദേശവിരുദ്ധരുമായുംഷഹീൻ ബാഗിലെയും ജഹാംഗീർപുരിയിലെയും കലാപകാരികളുമായി കേജരിവാളിന് ബന്ധമുണ്ടെന്നും ഈ ബന്ധത്തെ എന്താണ് വിളിക്കേണ്ടതെന്നും' ഫോഗട്ട് ചോദിച്ചു. മറ്റൊരു ട്വീറ്റിൽ കശ്മീരിലെ ഹിന്ദുക്കൾക്ക് സംഭവിച്ചത് ഡൽഹിയിലെ ഹിന്ദുക്കൾക്കും സംഭവിക്കുകയാണെന്ന് അവർ ആരോപിച്ചു.' അന്ന് കോൺഗ്രസ് നിശബ്ദനായിരുന്നു. ഇന്ന് കെജരിവാൾ നിശബ്ദനാണ്. അന്ന് കോൺഗ്രസ് കല്ലേറുകാർക്കൊപ്പമായിരുന്നു, ഇന്ന് കെജരിവാൾ കലാപകാരികൾക്കൊപ്പമാണെന്നും' അവർ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ തമ്മിൽ കല്ലേറും തീവെപ്പും വെടിവെപ്പും ഉൾപ്പെടെയുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്കാണ് ജഹാംഗീർപുരി സാക്ഷ്യം വഹിച്ചത്. എട്ട് പോലീസുകാർക്കും പ്രദേശവാസിക്കും പരിക്കേറ്റിരുന്നു. ജഹാംഗീർപുരിയിലെ കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കാനുള്ള നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ നടപടി സുപ്രിംകോടതി ഉത്തരവിനെത്തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്.