കൊഴിഞ്ഞുപോക്ക് തടയാനാകാതെ ബി.ജെ.പി; പാര്‍ട്ടിവിട്ട എല്ലാവരെയും സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ്
|ഇതുവരെ നിശബ്ദമായി കരുക്കൾ നീക്കിയ അഖിലേഷ് യാദവ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പിക്ക് വലിയ പ്രഹരമാണ് നൽകിയത്
ഉത്തർപ്രദേശിൽ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനാകാതെ ബി.ജെ.പി. ഇതുവരെ നിശബ്ദമായി കരുക്കൾ നീക്കിയ അഖിലേഷ് യാദവ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പിക്ക് വലിയ പ്രഹരമാണ് നൽകിയത്. മൂന്ന് മന്ത്രിമാരും ഘടകകക്ഷി എം.എൽ.എമാർ ഉൾപ്പെടെ 14 പേരെയാണ് 48 മണിക്കൂറിനിടെ ബി.ജെ.പി പാളയത്തിൽ നിന്ന് അഖിലേഷ് തനിക്കൊപ്പം ചേർത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്രയും പേർ പാർട്ടി വിട്ടതോടെ ബി.ജെ.പി പ്രതിരോധത്തിലായി. കൂടുതൽ എം.എൽ.എമാർ ഉടൻ പാർട്ടി വിടുമെന്നാണ് സൂചന. ബി.ജെ.പി വിട്ട എല്ലാവരെയും എസ്.പിയിലേക്ക് സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് ബി.ജെ.പി പാളയത്തെ ഞെട്ടിച്ച് എം.എൽ.എമാരുടെ രാജി തുടരുന്നത്.രാജി വച്ച എം.എൽ.എമാർ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളതാണ് എന്നത് തിരിച്ചടിയുടെ ആഘാതം വർധിപ്പിക്കുന്നു. പിന്നാക്ക വിഭാഗം നേതാവും ഷികോഹാബാദ് മണ്ഡലം എം.എൽ.എ ഡോ. മുകേഷ് വർമ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെ വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനും ഇന്നലെ രാജിവച്ചിരുന്നു. ഇവർക്ക് റോഷൻ ലാൽ വർമ, ഭഗവതിപ്രസാദ്, സാഗർ ബ്രജേഷ് പ്രജാപതി, വിനയ് സാക്യ എന്നിവരാണ് രാജിവച്ച മറ്റ് എം.എൽ.എമാർ. ദലിത് പിന്നോക്ക വിഭാഗങ്ങളോട് ബി.ജെ.പി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു ഏഴുപേരുടെയും രാജി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ കൈവിടാതിരുന്ന ദലിത് പിന്നാക്ക വിഭാഗം വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാകുമെന്ന ആശങ്ക ബി.ജെ.പിയെ അലട്ടുന്നു. ബി.ജെ.പി കൂടുവിടുന്നവരിൽ പലരും സമാജ് വാദി പാർട്ടിയിലേക്കാണ് പോകുന്നത്. പിന്നാക്കവിഭാഗം വോട്ടുകൾ എസ്.പിയിലേക്ക് ഏകീകരിച്ചാല്‍ തുടർവിജയം ബി.ജെ.പിക്ക് ബുദ്ധിമുട്ടാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൽസരിക്കണമെന്ന അഭിപ്രായം യുപി ബി.ജെ.പിയിൽ ഉയരുന്നുണ്ട്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ യോഗി മൽസരിച്ചിരുന്നില്ല. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായാണ് യോഗി മുഖ്യമന്ത്രി പദത്തിലെത്തിയത്. ഗൊരക്പൂർ എം.പി സ്ഥാനം രാജി വച്ചാണ് 2017ല്‍ ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായത്.