India
manipur violence

സംഘര്‍ഷഭൂമിയായി മണിപ്പൂര്‍

India

മണിപ്പൂര്‍ കലാപം ക്രൈസ്തവ സഭയുടെ പിന്തുണയോടെയെന്ന് ആര്‍.എസ്.എസ് വാരിക

Web Desk
|
6 May 2023 5:08 AM GMT

മേയ് 3ന് മണിപ്പൂരിലെ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളോട് ചേർന്നുള്ള വിവിധ പ്രദേശങ്ങളിൽ അക്രമികൾ വീടുകൾ കത്തിക്കുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തു

ഡല്‍ഹി: മണിപ്പൂരിലെ പ്രക്ഷോഭം അക്രമാസക്തമായത് ക്രൈസ്തവ സഭയുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും പിന്തുണയോടെയെന്ന് ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍. മേയ് 3ന് അത്യാധുനിക ആയുധങ്ങളും ഒന്നിലധികം ബുള്ളറ്റുകളുമായെത്തിയ അക്രമികൾ മണിപ്പൂരിലെ വിവിധ ജില്ലകളിലെ ആളുകളെ ആക്രമിക്കുകയും മെയ്തി ഹിന്ദുക്കളുടെ ആറ് വീടുകൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതായും ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയ് 3ന് മണിപ്പൂരിലെ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളോട് ചേർന്നുള്ള വിവിധ പ്രദേശങ്ങളിൽ അക്രമികൾ വീടുകൾ കത്തിക്കുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തു.പരിഭ്രാന്തരായ ആളുകൾ വീടുവിട്ട് സമീപത്തെ ഹൈന്ദവര്‍ കൂടുതല്‍ പ്രദേശങ്ങളായ സൈട്ടൺ, മൊയ്‌റാംഗ്, നിംഗ്‌തൗഖോംഗ്, ബിഷ്ണുപൂർ, ഇംഫാൽ തലസ്ഥാനം എന്നിവിടങ്ങളിൽ അഭയം പ്രാപിച്ചു. ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിന് പിന്നിലെ കാരണം അജ്ഞാതമാണ്. അക്രമത്തിൽ കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്നവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയുണ്ടെന്ന് ടോര്‍ബംഗ് സ്വദേശിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



മെയ്തി സമുദായത്ത എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിരെ മണിപ്പൂരിൽ, ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഘടനയുടെ മാര്‍ച്ച് ആഹ്വാനത്തിന് മറുപടിയായി മണിപ്പൂരിലെ ട്രൈബൽ ചർച്ചസ് ലീഡേഴ്‌സ് ഫോറം (TCLF) മേയ് 1ന് നടന്ന യോഗത്തിൽ ATSUM ന്‍റെ ഐക്യദാര്‍ഢ്യ മാര്‍ച്ച് അംഗീകരിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായും ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണിപ്പൂരിലെ ഗോത്രവർഗക്കാരുടെ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ താൽപര്യങ്ങൾ കൂട്ടായി സംരക്ഷിക്കുന്നതിനാണ് ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ സംഘടിപ്പിക്കുന്ന ഈ ഐക്യദാർഢ്യ മാർച്ചെന്നും ടിസിഎല്‍എഫ് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.


ഏകദേശം 4000-ത്തോളം വരുന്ന ഹിന്ദുക്കൾ തങ്ങളുടെ ജീവനുവേണ്ടി ഇന്ത്യന്‍ സേനയുടെ അടുത്തും പാരാ മിലിട്ടറി ക്യാമ്പുകളിലും അഭയം പ്രാപിച്ചതായും ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന സർക്കാരിന്‍റെ അഭ്യർഥനയെത്തുടർന്ന്, ചുരാചന്ദ്പൂരിലെ ക്രിസ്ത്യൻ, ഗോത്രവർഗ ആധിപത്യ പ്രദേശങ്ങളിൽ ആർമി/അസം റൈഫിൾസ് വിന്യസിച്ചിട്ടുണ്ട്.

അതേസമയം മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യൻവേട്ടയാണെന്ന് ബംഗളൂരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു. '41 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള, സമാധാനം നിറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ക്രിസ്ത്യൻവേട്ട ശക്തിയാർജിക്കുന്നത് ആശജങ്കാജനകമാണ്. 1974ൽ നിർമിച്ച മൂന്ന് പള്ളികളും ചില വീടുകളും അഗ്നിക്കിരയാക്കപ്പെട്ടതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.'-ബിഷപ്പ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.



Similar Posts