അതിജീവിതയെ തട്ടിക്കൊണ്ട് പോയ കേസ്; എച്ച്.ഡി രേവണ്ണക്ക് ജാമ്യം
|പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് കോടതി ജാമ്യം നൽകിയത്
ന്യൂഡൽഹി: അതിജീവിതയെ തട്ടിക്കൊണ്ട് പോയ കേസിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി.രേവണ്ണക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രത്യേക കോടതി ജാമ്യം നൽകിയത്. അഞ്ച് ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കുക, അതിജീവിതയെയോ കേസിൽ ബന്ധപ്പെട്ട ആളുകളെയോ സ്വാധീനിക്കാതിരിക്കുക തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
രേവണ്ണക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻ വീട്ടുജോലിക്കാരിയുടെ പരാതിയിൽ ലൈംഗിക പീഡനത്തിനാണ് ആദ്യത്തെ കേസ്. ഈ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന അവരുടെ മകന്റെ പരാതിയിലാണ് രണ്ടാമത്തെ കേസ്. രേവണ്ണയുടെ വിശ്വസ്തൻ സതീഷ് ബാബണ്ണയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ബാവണ്ണയും കേസിൽ പ്രതിയാണ്.
മെയ് നാലിനാണ് എച്ച്.ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിച്ച സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം ലഭിച്ചത്.
എച്ച്.ഡി രേവണ്ണയുടെ മകൻ പ്രജ്ജ്വൽ രേവണ്ണക്കെതിരെ വൻ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് രാജ്യം വിട്ട പ്രജ്ജ്വലിനെ ഇതുവരെ തിരിച്ചെത്തിക്കാനായിട്ടില്ല.