India
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം; ഇല്ലെങ്കിൽ ഈ വഴി വരേണ്ട; ഭാരത് ജോഡോ യാത്ര തടയുമെന്ന് ഭീഷണി
India

'സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം; ഇല്ലെങ്കിൽ ഈ വഴി വരേണ്ട'; ഭാരത് ജോഡോ യാത്ര തടയുമെന്ന് ഭീഷണി

Web Desk
|
23 Nov 2022 5:57 AM GMT

യാത്രകടന്നുപോകുന്ന ജില്ലകളെല്ലാം ഗുർജർ സമുദായത്തിന് മേൽക്കൈയ്യുള്ളവയാണ്

ജയ്പൂർ: സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജസ്ഥാനിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തടയുമെന്ന് ഗുർജാർ നേതാവ് വിജയ് സിംഗ് ബൈൻസ്‍ല.

'നിലവിലെ സർക്കാർ സംസ്ഥാനത്ത് നാലു വർഷം പൂർത്തിയാക്കുകയാണ്. ബാക്കി ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് നൽകാൻ രാഹുൽ ഗാന്ധി തയാറായാൽ അദ്ദേഹത്തിൻറെ യാത്രയെ സ്വാഗതം ചെയ്യും ഇല്ലെങ്കിൽ എതിർക്കുമെന്നും വിജയ് സിംഗ് മുന്നറിയിപ്പ് നൽകി.

ഗുർജർ സമുദായംഗമാണ് സച്ചിൻ പൈലറ്റ്. സംസ്ഥാനത്ത് ജനസംഖ്യയുടെ അഞ്ച് മുതൽ ആറ് ശതമാനം വരെ ഗുർജാർ സമുദായമാണ്. 40 ലധികം സീറ്റുകളിൽ ഇവർക്ക് സ്വാധീനമുണ്ട്. യാത്രകടന്നുപോകുന്ന ജില്ലകളെല്ലാം ഗുർജർ സമുദായത്തിന് മേൽക്കൈയ്യുള്ളവയാണ്. 2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുർജർ സമുദായംഗം മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിന് വോട്ടു ചെയ്തത്.സച്ചിൻ എം.എൽ.എ ആയെങ്കിലും മുഖ്യമന്ത്രി ആക്കിയില്ല. രു എം.എൽ.എക്ക് വേണ്ടിയല്ല ഞങ്ങൾ വോട്ട് ചെയ്തതെന്നും ഞങ്ങൾക്ക് ഗുർജർ സമുദായത്തിൽനിന്നുള്ള ഒരു മുഖ്യമന്ത്രിയെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ രാജസ്ഥാനിൽ എത്തുമ്പോൾ ഒന്നുകിൽ ഒരു മുഖ്യമന്ത്രിയെ നൽകുക. അല്ലെങ്കിൽ ഗുർജറുകളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാർ സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ബൈൻസ്‍ല കുറ്റപ്പെടുത്തി.

ഡിസംബർ മൂന്നിന് രാജസ്ഥാനിൽ എത്തുന്ന യാത്ര തടസ്സപ്പെടുത്തുമെന്ന് രണ്ടാം തവണയാണ് ഇദ്ദേഹം ഭീഷണിയുയർത്തുന്നത്.നേരത്തെ, യാത്ര നിർത്തുമെന്ന് ബൈൻസ്‍ല ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാനത്ത് യാത്ര തടയാൻ ആർക്കും ധൈര്യമില്ലെന്ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി ഗോവിന്ദ് സിംഗ് ദോതസ്ര പ്രതികരിച്ചിരുന്നു. ഡിസംബർ 3 ന് ജലവാറിൽ നിന്ന് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്ര 20 ദിവസത്തിനുള്ളിൽ ജലവാർ, കോട്ട, ബുണ്ടി, സവായ്മധോപൂർ, ദൗസ, അൽവാർ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകും.

Similar Posts