ബജ്‌റംഗ്ദൾ ഗുണ്ടകളുടെ കൂട്ടമാണ്: ദിഗ്‌വിജയ സിങ്
|'ബി.ജെ.പിയും പ്രധാനമന്ത്രിയും ബജ്‌റംഗ്ദളിനെ ബജ്‌റംഗ് ബലിയോട് (ഹനുമാൻ) താരതമ്യം ചെയ്യുന്നത് വേദനാജനകമാണ്'
ഭോപ്പാല്‍: ബജ്‌റംഗ്ദൾ ഗുണ്ടകളുടെ സംഘമാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ സിങ്. ഹിന്ദുത്വയില്‍ അല്ല, എല്ലാവരുടെയും ഐക്യവും ക്ഷേമവും ഉദ്ഘോഷിക്കുന്ന സനാതന ധർമത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു. മധ്യപ്രദേശിലെ ജബൽപൂരിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങളുടേത് സനാതന ധർമമാണ്. ഞങ്ങള്‍ ഹിന്ദുത്വയെ ഒരു ധർമമായി കണക്കാക്കുന്നില്ല. ധര്‍മം ജയിക്കട്ടെ, അധര്‍മം നശിക്കട്ടെ, ലോകത്തിന് നല്ലതു വരട്ടെ- ഇതാണ് സനാതന ധർമം. എന്നാൽ ഹിന്ദുത്വ അങ്ങനെയല്ല. വിയോജിക്കുന്നവരെ മര്‍ദിക്കുക, അവരുടെ വീടുകൾ നശിപ്പിക്കുക, പണം കവരുക- ഇതാണ് ഹിന്ദുത്വം"- ദിഗ്‌വിജയ സിങ് പറഞ്ഞു.
ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബജ്‌റംഗ്ദളിനെ ബജ്‌റംഗ് ബലിയോട് (ഹനുമാൻ) താരതമ്യം ചെയ്യുന്നത് വേദനാജനകമാണെന്നും ദിഗ്‍വിജയ സിങ് പറഞ്ഞു. ഈ ഗുണ്ടകളുടെ സംഘം ജബൽപൂരിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തെന്നും അദ്ദേഹം പറഞ്ഞു- "ബജ്‌റംഗ് ദളിനെ ബജ്‌റംഗ് ബലിയുമായി താരതമ്യം ചെയ്യുന്നത് ദൈവത്തെ അനാദരിക്കുന്നതിന് തുല്യമാണ്. നിങ്ങൾ മാപ്പ് പറയണം"
കോൺഗ്രസ് ഭരണഘടനയും ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്ന പാര്‍ട്ടിയാണെന്ന് ദിഗ്‍വിജയ സിങ് പറഞ്ഞു. കർണാടകയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദിഗ്‍വിജയ സിങ് പറഞ്ഞതിങ്ങനെ- "വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മതം നോക്കാതെ കേസെടുക്കാൻ സുപ്രിംകോടതി നിർദേശം നൽകിയിട്ടുണ്ട്. ഞങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു".
Summary- Addressing a press conference in Jabalpur in Madhya Pradesh, the Congress Rajya Sabha member termed Bajrang Dal a group of goons.