ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറി വിവാഹ ചടങ്ങ് അലങ്കോലമാക്കാൻ ബജ്‌റംഗ് ദള്‍ പ്രവർത്തകരുടെ ശ്രമം
|വിവാഹത്തിനു മുൻപായി മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം
മധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറിയ ബജ്‌റംഗ്ദൾ പ്രവർത്തകർ വിവാഹ ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ചു. വിവാഹത്തിനു മുൻപായി മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സംഭവത്തിൽ പരാതി നൽകിയെങ്കിലും ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
മധ്യപ്രദേശിലെ റായ്യ്സൻ ജില്ലയിലെ സമേരി കല ഗ്രാമത്തിലെ ആശാഭവൻ പള്ളിയിൽ നടന്ന വിവാഹ ചടങ്ങാണ് ഒരുകൂട്ടം ബജ്‌രംഗദള്‍ പ്രവർത്തകർ തടയാൻ ശമിച്ചത്. ആദിവാസികളെ മതപരിവർത്തനം നടത്തി ക്രിസ്ത്യാനികളാക്കിയ ശേഷം നടത്തുന്ന വിവാഹം ആണെന്നായിരുന്നു തടയാനെത്തിയവരുടെ വാദം. പള്ളിയിൽ നടത്തുന്ന വിവാഹം ഹിന്ദുവിന്‍റെയാണോ അതോ ക്രിസ്ത്യാനിയുടേതാണോ എന്ന കാര്യം ഉറപ്പിക്കണമെന്നും ബജ്‌റംഗ്ദൾ ശാഠ്യം പിടിച്ചു. പള്ളിയിൽ നടക്കുന്ന വിവാഹം,ക്രിസ്തുമത വിശ്വാസികളുടെതാണെന്ന് കൈ കൂപ്പി ബന്ധുക്കൾ പറഞ്ഞു. ഈ അപേക്ഷ കൊണ്ടൊന്നും അലിയുന്നതായിരുന്നില്ല അവരുടെ മനസ്. വിവാഹം മുടങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ വരന്‍റെ ബന്ധുക്കൾ ബജ്‌റംഗ്ദളുകാരോട് കയർത്തു. കരിങ്കൽ ക്വാറിയിൽ ജോലി ചെയ്യുന്ന യുവതിയും ഭോപ്പാലിനടുത്തുള്ള യുവാവും തമ്മിലായിരുന്നു വിവാഹം. ബജ്‌റംഗ്ദൾ പ്രവർത്തകർ ബഹളമുണ്ടാക്കി പോയ ശേഷം വിവാഹം പള്ളിയിൽ നടന്നു.
ക്രിസ്മസ് ആഘോഷത്തിനിടയിലെ അതിക്രമം പലയിടത്തും നടന്നെങ്കിലും വിവാഹം മുടക്കാനായി ഹിന്ദുത്വ വാദികൾ എത്തിയത് ആദ്യമായിട്ടായിരുന്നു. സുൽത്താൻ പൂർ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയെങ്കിലും കസ്റ്റഡിയിലെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. അതേസമയം വിവാഹം തടയാൻ ശ്രമിച്ചത് നേട്ടമായി ചിത്രീകരിച്ചു ഹിന്ദുത്വവാദികൾ മധ്യപ്രദേശിൽ നടത്തുന്ന പ്രചരണവും ശക്തമാണ്.