India
Bajrang Dal activists stop ladies night party in Shivamogga Karnataka
India

'സംസ്കാരത്തിന് എതിര്': കര്‍ണാടകയില്‍ സ്ത്രീകളുടെ പാര്‍ട്ടി തടഞ്ഞ് ബജ്റംഗ്‍ദള്‍

Web Desk
|
19 March 2023 9:45 AM GMT

"ശിവമോഗയിൽ ഇത്തരം പരിപാടികൾ അനുവദിക്കില്ല. കാരണം ഈ നഗരം മറ്റൊരു മണിപ്പാൽ ആകരുത്"

ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയില്‍ സ്ത്രീകളുടെ പാര്‍ട്ടി തടഞ്ഞ് ബജ്റംഗ്‍ദള്‍. പാര്‍ട്ടി നടത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഒരു കൂട്ടം ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ എത്തുകയായിരുന്നു. സ്ത്രീകളുടെ നിശാപാര്‍ട്ടി നമ്മുടെ സംസ്കാരത്തിന് എതിരാണെന്ന് പറഞ്ഞ പ്രവര്‍ത്തകര്‍, സ്ത്രീകളോട് ഹോട്ടലില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മാർച്ച് 17ന് രാത്രി ക്ലിഫ് എംബസി എന്ന ഹോട്ടലിലാണ് സംഭവം. സ്ത്രീകളും അവരുടെ ബന്ധുക്കളും ഉള്‍പ്പെടെ എഴുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പിന്നാലെ ബജ്റംഗ്‍ദള്‍ ജില്ലാ കണ്‍വീനര്‍ രാജേഷ് ഗൗഡയുടെ നേതൃത്വത്തില്‍ പ്രവർത്തകർ ഹോട്ടലിലെത്തി പാര്‍ട്ടി നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു.

"ഹോട്ടലിൽ രാത്രിയില്‍ സ്ത്രീകളുടെ പാര്‍ട്ടി നടക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഇത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമല്ല. ശിവമോഗയിൽ ഇത്തരം പരിപാടികൾ അനുവദിക്കില്ല. കാരണം ഈ നഗരം മറ്റൊരു മണിപ്പാൽ ആകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി തടയാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നിട്ടും പരിപാടിയുമായി മുന്നോട്ടുപോയതോടെ ഞങ്ങൾ ദൊഡ്ഡപേട്ട് പൊലീസിനൊപ്പം എത്തി പാര്‍ട്ടി നിര്‍ത്തിയെന്ന് ഉറപ്പാക്കി"- രാജേഷ് ഗൗഡ പറഞ്ഞു.

സ്ത്രീകൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിരാണെന്ന് രാജേഷ് ഗൗഡ പറഞ്ഞു. പാർട്ടിയിലെ സ്ത്രീകളുടെ വസ്ത്രധാരണത്തോടുള്ള എതിര്‍പ്പും രാജേഷ് ഗൗഡ പ്രകടിപ്പിച്ചു. തന്റെ സംഘടന നിയമം കൈയിലെടുത്തിട്ടില്ലെന്നും പൊലീസിനെ അറിയിച്ചപ്പോള്‍ പൊലീസാണ് പാര്‍ട്ടി തടഞ്ഞതെന്നും രാജേഷ് ഗൗഡ അവകാശപ്പെട്ടു.

സ്ത്രീകള്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണിതെന്ന് ഹോട്ടൽ പ്രതിനിധികൾ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8ന് സംഘടിപ്പിക്കാനിരുന്ന പാര്‍ട്ടിയാണ്. അന്ന് മറ്റു പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ നടന്നില്ല. സ്ത്രീകളും അവരോടൊപ്പം ഏതാനും പുരുഷന്മാരുമാണ് പാര്‍ട്ടിക്കെത്തിയത്. പാർട്ടിയിൽ ആക്ഷേപകരമായി ഒന്നുമില്ല. എന്തിനാണ് പൊലീസും ബജ്റംഗ്‍ദള്‍ പ്രവർത്തകരും പാർട്ടി തടഞ്ഞതെന്ന് അറിയില്ലെന്നും ഹോട്ടല്‍ പ്രതിനിധികള്‍ പറഞ്ഞു.

"ഞങ്ങളുടെ ഹോട്ടല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിവമോഗ സന്ദർശന വേളയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള വി.ഐ.പികൾക്ക് ഞങ്ങൾ ആതിഥ്യമരുളിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന് അതറിയാം. ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ തയ്യാറാണ്. പക്ഷേ ഞങ്ങൾ അങ്ങനെയൊന്നും ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് അവർ ഞങ്ങളുടെ ജോലി ചെയ്യുന്നതിൽ നിന്ന് ഞങ്ങളെ തടസ്സപ്പെടുത്തുന്നതെന്ന് അറിയില്ല"- ഹോട്ടലിന്‍റെ ജനറല്‍ മാനേജര്‍ ശങ്കര്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പാര്‍ട്ടി തടയാന്‍ ഒരു സംഘം ശ്രമിക്കുന്നതായി വിവരം ലഭിച്ചപ്പോള്‍ പൊലീസിനെ സ്ഥലത്തേക്ക് അയക്കുകയായിരുന്നുവെന്ന് ശിവമോഗ എസ്.പി ജി.കെ മിഥുന്‍ പറഞ്ഞു. പൊലീസ് ഇടപെട്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുകയായിരുന്നുവെന്ന് എസ്.പി അവകാശപ്പെട്ടു.

Summary- Bajrang Dal activists stopped a party organised in a private hotel in Shivamogga on night of March 17. Around 70 participants, a majority of them women, were told to leave the venue

Similar Posts