![Bajrang Dal ban-BJP leader-CN Ashwathnarayan, Congress, Karnataka Assembly Election 2023 Bajrang Dal ban-BJP leader-CN Ashwathnarayan, Congress, Karnataka Assembly Election 2023](https://www.mediaoneonline.com/h-upload/2023/05/14/1369468-cn-ashwathnarayan.webp)
'ബജ്രങ്ദളിനെ നിരോധിക്കട്ടെ, അപ്പോൾ കാണാം'; മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ്
![](/images/authorplaceholder.jpg?type=1&v=2)
തെരഞ്ഞെടുപ്പ് ഫലം ഒട്ടും പ്രതീക്ഷിച്ചതല്ലെന്ന് ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ അശ്വത്ഥ്നാരായണൻ
ബംഗളൂരു: കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതു പോലെ ബജ്രങ്ദളിനെ നിരോധിച്ചാൽ വിവരമറിയുമെന്ന് ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്. ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ അശ്വത്ഥ്നാരായണന്റേതാണ് മുന്നറിയിപ്പ്. മന്ത്രിമാരുടെ കൂട്ടത്തോൽവിക്കിടയിൽ സിറ്റിങ് സീറ്റായ മല്ലേശ്വരം നിലനിർത്താൻ അശ്വത്ഥിനായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ 'എൻ.ഡി.ടി.വി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ ഞെട്ടിച്ചു. ഒരുപാട് സീറ്റാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.'-അദ്ദേഹം വെളിപ്പെടുത്തി.
ആശയവിനിമരംഗത്തുണ്ടായ പാളിച്ചയാണ് പരാജയത്തിനു കാരണമെന്ന് അശ്വത്ഥ്നാരായണൻ വിശദീകരിച്ചു. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബജ്രങ്ദളിനെ നിരോധിക്കുമെന്ന് പറയാൻ എങ്ങനെ കോൺഗ്രസിന് ധൈര്യം വന്നുവെന്ന് അദ്ദേഹം ചോദിച്ചു. 'അവർ നിരോധിച്ചുനോക്കട്ടെ. ഞങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന് കാണിച്ചുതരാം'-അശ്വത്ഥ്നാരായണൻ കൂട്ടിച്ചേർത്തു.
സമൂഹത്തിനിടയിൽ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്ന ബജ്രങ്ദൾ അടക്കമുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പ്രഖ്യാപനമുണ്ടായിരുന്നു. സാമുദായിക സംഘർഷങ്ങളിൽനിന്നും വ്യാജകേസുകളിൽനിന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും വാഗ്ദാനമുണ്ട്.
Summary: "Let (Congress) ban Bajrang Dal, we will show what we can do": BJP leader and outgoing Karnataka minister CN Ashwathnarayan