നഗരത്തിലൂടെ പട്ടാപ്പകൽ വാളേന്തി ബജ്രംഗ്ദൾ മാർച്ച്; നോക്കുകുത്തിയായി പൊലീസ്
|ഇവരിൽ പലരുടേയും തോളിൽ കാവി ഷാളും കൈയിൽ കാവിക്കൊടിയും കാണാം.
റായ്പൂർ: പട്ടാപ്പകൽ വാളും വടികളും ഉൾപ്പെടെയുള്ള ആയുധങ്ങളുമേന്തി റോഡിലൂടെ മാർച്ച് നടത്തി തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദൾ. ഛത്തീസ്ഗഢിലെ റായ്പൂർ നഗരത്തിലെ തെരുവുകളിലൂടെയാണ് ആർഎസ്എസ് പോഷകസംഘടനയായ ബജ്രംഗ്ദൾ പ്രവർത്തകർ മാർച്ച് നടത്തിയത്. മെയ് 18നായിരുന്നു സംഭവം.
നൂറുകണക്കിന് പ്രവർത്തകർ വെള്ളയും ചാരനിറവുമുള്ള യൂണിഫോമണിഞ്ഞ് കൈയിൽ ആയുധങ്ങളും പിടിച്ച് നഗരത്തിലൂടെ മാർച്ച് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇവരിൽ പലരുടേയും തോളിൽ കാവി ഷാളും കൈയിൽ കാവിക്കൊടിയും കാണാം. പൊലീസ് സംരക്ഷണത്തിലായിരുന്നു മാർച്ച്. രണ്ട് നേതാക്കൾ ഏറ്റവും മുന്നിൽ തുറന്ന കാറിലും അണികൾ പിന്നിലായിട്ടുമായിരുന്നു മാർച്ച്.
ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം. പാസ്റ്റർമാർക്കെതിരായ ആക്രമണങ്ങൾ, മതപരിവർത്തന ആരോപണങ്ങൾ, വർഗീയ സംഘർഷങ്ങൾ എന്നിവയും റായ്പൂരിൽ റിപ്പോർട്ട് ചെയ്തിരുന്നു.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻ്റെ (യുസിഎഫ്) റിപ്പോർട്ട് പ്രകാരം, ഈ വർഷം ഇതുവരെ ക്രിസ്ത്യാനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഛത്തീസ്ഗഢ്. 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 14 വരെ ക്രൈസ്തവർക്കെതിരെ നടന്ന ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശും (287) തൊട്ടുപിന്നിൽ ഛത്തീസ്ഗഢും (148) ആണെന്ന് കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) ജാഗ്രതാ കമ്മീഷൻ നിയമിച്ച വിശകലന സമിതിയുടെ പഠന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് 'ദുര്‍ഗാവാഹിനി' പ്രവര്‍ത്തകര്‍ വാളുമേന്തി പ്രകടനം നടത്തിയിരുന്നു. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായിട്ടായിരുന്നു 2022 മെയ് 22ന് പെണ്‍കുട്ടികൾ ആയുധമേന്തി റാലി നടത്തിയത്. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാംപിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു വാളേന്തി പ്രകടനം നടത്തിയത്.
സംഭവത്തിൽ പരാതി ലഭിച്ചെങ്കിലും ആദ്യം കേസെടുക്കാൻ തയാറാവാതിരുന്ന പൊലീസ് പ്രതിഷേധം ശക്തമായതോടെയാണ് നടപടി സ്വീകരിച്ചത്. ആയുധനിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയുമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയത്.