India
ഭോപ്പാലിലെ മാളിൽ മുസ്‌ലിം ജീവനക്കാരുടെ നമസ്കാരം തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവർത്തകർ; ജയ് ശ്രീറാം മുഴക്കി പ്രതിഷേധം
India

ഭോപ്പാലിലെ മാളിൽ മുസ്‌ലിം ജീവനക്കാരുടെ നമസ്കാരം തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവർത്തകർ; ജയ് ശ്രീറാം മുഴക്കി പ്രതിഷേധം

Web Desk
|
28 Aug 2022 2:11 AM GMT

പ്രതിഷേധം കനത്തതോടെ മാളിൽ ഒരുവിധ മതാരാധാനകളും അനുവദിക്കില്ലെന്ന് മാൾ അധികൃതർ അറിയിച്ചു.

ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനത്തിലെ പ്രമുഖ മാളിലെ പ്രാർഥനാ മുറിയിൽ മുസ്‌ലിം ജീവനക്കാരുടെ നമസ്കാരം തടസപ്പെടുത്തി ബജ്‌റംഗ്ദള്‍ പ്രവർത്തകർ. ഭോപ്പാലിലെ ഡി.ബി മാളിലാണ് സംഭവം. നമസ്കാരത്തിനെതിരെ പ്രതിഷേധവുമായെത്തിയ ബജ്‌റംഗ്ദള്‍ പ്രവർത്തകർ ഇവിടെ കുത്തിയിരുന്ന് ഉച്ചത്തിൽ ജയ് ശ്രീറാം മുഴക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു.

പ്രതിഷേധം കനത്തതോടെ, മാളിൽ ഒരുവിധ മതാരാധാനകളും അനുവദിക്കില്ലെന്ന് മാൾ അധികൃതർ അറിയിച്ചു. ജീവനക്കാരായ ചിലർ ഒരു ചെറിയ മുറിയിൽ നമസ്കരിക്കുന്നതിന്റേയും ഇതിനെതിരെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ പ്രതിഷേധിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിവിടെ പതിവാണെന്നായിരുന്നു ഇവരുടെ വാദം.

നമസ്കാരത്തിനിടെ ഇവിടെയെത്തിയ ബജ്‌റംഗ്ദള്‍ പ്രവർത്തകർ ബഹളം വച്ചതോടെ ഇടപെട്ട സുരക്ഷാ ജീവനക്കാരൻ, മറ്റൊരു കോണിൽ ഹിന്ദു ജീവനക്കാർക്കുള്ള പ്രാർഥനാ മുറിയും ഉണ്ടെന്ന് ഇവരോടു പറഞ്ഞു. എന്നാൽ ഇത് കേൾ‍ക്കാൻ കൂട്ടാക്കാതിരുന്ന ഹിന്ദുത്വവാദികൾ നമസ്കാരം രഹസ്യമായാണ് നടക്കുന്നതെന്നും ആരോപിച്ചു.

തുടർന്ന് ഇവരുടെ ഫോട്ടോകളും വീഡിയോകളും പകർത്താൻ തുടങ്ങി. ശേഷം മാളിലെ എസ്കലേറ്ററിനടുത്ത് ഇരുന്ന ഇവർ ഉച്ചത്തിൽ ജയ് ശ്രീറാം വിളിക്കാനും ഹനുമാൻ ചാലിസയുൾപ്പെടെയുള്ളവ ചൊല്ലാനും തുടങ്ങി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രശ്നം രമ്യമായി പരിഹരിച്ചതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ഭദൗരിയ പറഞ്ഞു. തുടർന്ന്, മാളിലും പരിസരത്തും യാതൊരുവിധ മതാരാധാനകളും അനുവദിക്കില്ലെന്ന് മാൾ അധികൃതർ പ്രസ്താവനയിറക്കിയതായും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

അതേസമയം, മാളിന് അടുത്ത് പള്ളികളൊന്നും ഇല്ലാത്തതിനാലാണ് തങ്ങൾ ഇവിടെ തന്നെയുള്ള ചെറിയൊരു സ്ഥലത്ത് നമസ്കാരം നിർവഹിച്ചിരുന്നതെന്ന് ജീവനക്കാർ പറയുന്നു. അടുത്തുള്ള പള്ളി ‌ഒരു കിലോമീറ്റർ അകലെയായതിനാൽ ഇവിടേക്ക് പോയിവരവ് ജോലിയെ ബാധിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംഭവത്തിൽ മാൾ അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല.

Similar Posts